കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം: കൈലാസ് സത്യാർഥി



കൊച്ചി കുട്ടികൾക്കെതിരെയുള്ള ലൈം​ഗികാതിക്രമങ്ങൾ തടയുന്നതിൽ കേരള പൊലീസ്‌ പ്രവർത്തനം മാതൃകാപരമാണെന്ന് സമാധാന നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർഥി. കൊക്കൂൺ സൈബർ സുരക്ഷാ സമ്മേളനത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കെതിരെ വർധിക്കുന്ന ഓൺലൈൻ അതിക്രമങ്ങൾ തടയാൻ മികച്ച പ്രവർത്തനം നടത്തുന്നത് കേരള പൊലീസാണ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി കേരള പൊലീസ് രൂപീകരിച്ച സിസിഎസ്‌ഇസി (കൗണ്ടർ ചൈൽഡ്‌ സെക്‌ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെന്റർ)യുമായുള്ള പ്രവർത്തനങ്ങളിൽ തുടർന്നും കൈലാസ് സത്യാർഥി ഫൗണ്ടേഷൻ സഹകരിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. പി- ഹണ്ട് ഉൾപ്പെടെ നടപടികളിലൂടെ ലൈം​ഗികാതിക്രമങ്ങൾക്ക്‌ തടയിടാൻ കേരള പൊലീസ് ചെയ്യുന്ന പ്രവൃത്തികൾ അഭിനന്ദനാർഹമാണ്. വൻതോതിൽ അനധികൃത പണം ഒഴുകുന്ന മേഖലയാണ് കുട്ടികളുടെ ലൈം​ഗിക വീഡിയോ മാർക്കറ്റ്. ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന്‌ കുട്ടികളെ രക്ഷിക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. കുട്ടികൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോൾ ശിശുസൗഹൃദ രാജ്യം, ശിശുസൗഹൃദ ലോകം എന്നീ വാക്കുകൾ അർഥശൂന്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബച്പൻ ബചാവോ ആന്ദോളൻ സിഇഒ രജ്നി സേഖ്രി സിബർ സംസാരിച്ചു. ഡിജിപി അനിൽകാന്ത് കൊക്കൂൺ കോൺഫറൻസിലെ സിസിഎസ്ഇ ട്രാക്ക് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിങ്‌ ആൻഡ്‌ എക്സ്പ്ലോയിറ്റഡ്‌ ചിൽഡ്രനുമായി (ഐസിഎംഇസി) കേരള പൊലീസ്‌ കരാറിൽ ഏർപ്പെട്ടു. സിസിഎസ്ഇ സെന്ററിന് സൈബർ ഫോറൻസിക്, ലോ എൻഫോഴ്സ്മെന്റ്, വിക്ടിം ഐഡറ്റിഫിക്കേഷൻ, സോഷ്യൽ മീഡിയ അനാലിസി​സ് എന്നിവയിൽ നാലുവർഷത്തേക്ക് സൗജന്യ പരിശീലനം നൽകുന്നതിനുള്ള കരാറിലാണ് ഏർപ്പെട്ടത്. സൈബർ ഡോം നോഡൽ ഓഫീസർ പി പ്രകാശും ഐസിഎംഇസി വൈസ് പ്രസിഡന്റ് ​ഗുലാർമോ ​ഗലാസയുമാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഐസിഎംഇസി ഒരു സംസ്ഥാനത്തെ പൊലീസ് വിഭാ​ഗവുമായി കരാറിൽ ഏർപ്പെടുന്നത്. Read on deshabhimani.com

Related News