സ്‌‌കൂട്ടർ യാത്രികനെ കാറിടിച്ച സംഭവം: കടവന്ത്ര എസ്‌‌എച്ച്‌ഒയെ സ്ഥലംമാറ്റി; എസിപിമാർക്ക്‌ അന്വേഷണച്ചുമതല



കൊച്ചി> കൊച്ചിയിൽ സ്‌‌കൂട്ടർ യാത്രികനെ ഇടിച്ചശേഷം കാർ നിർത്താതെപോയ കടവന്ത്ര എസ്‌എച്ച്‌ഒയെ സ്ഥലംമാറ്റി. കാസർകോട്‌ ചന്തേര പൊലീസ്‌ സ്റ്റേഷനിലേക്കാണ്‌ കടവന്ത്ര എസ്എച്ച്‌ഒ ജി പി മനു രാജിനെ അടിയന്തരമായി മാറ്റി സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ ഉത്തരവിറക്കിയത്‌. സ്‌‌കൂട്ടർ യാത്രികനെ ഇടിച്ച വാഹനമോടിച്ചത് മനു രാജ് തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിസിപി എസ് ശശിധരൻ പറഞ്ഞു. പ്രതിയായ മനു രാജിന്റെ മൊഴി അടുത്തദിവസം രേഖപ്പെടുത്തും. സഹയാത്രികയായ വനിതാ ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തും. രണ്ട് അസിസ്‌റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കും.  വാഹനാപകട കേസ് മട്ടാഞ്ചേരി എസിപി കെ ആർ മനോജാണ് അന്വേഷിക്കുന്നത്. യുവാവിന്റെ പരാതിയിൽ കേസ് എടുക്കുന്നതിൽ വീഴ്‌ച വന്നിട്ടുണ്ടോയെന്ന്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ എസിപി സി ജയകുമാർ അന്വേഷിക്കും. എഫ്‌ഐആറിൽ തിരുത്തൽ വരുത്താൻ തോപ്പുംപടി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പതിനെട്ടിന് രാത്രിയിലായിരുന്നു അപകടം. കടവന്ത്ര എസ്എച്ച്‌ഒയും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാർ ഹാർബർ പാലത്തിൽ സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച്‌ നിർത്താതെപോയെന്നായിരുന്നു കേസ്‌. Read on deshabhimani.com

Related News