കസ്‌റ്റംസിന്റെ വീര്യംകെടുത്തി; കള്ളക്കടത്ത്‌ തലവന്‌ ജാമ്യം ; അന്വേഷണ സംഘത്തെ നിരന്തരം അഴിച്ചു പണിതത്‌ പ്രതിസന്ധിയായി



കൊച്ചി സ്വർണക്കടത്ത്‌ കേസിൽ പ്രധാനി എന്ന്‌ അന്വേഷണ ഏജൻസികൾ ആവർത്തിച്ച്‌ വ്യക്തമാക്കിയ അഞ്ചാംപ്രതി കെ ടി റമീസിന്‌ ജാമ്യം ലഭിച്ചത്‌ കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ. അറസ്‌റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ കസ്‌റ്റംസിന്‌ കഴിയാത്തതാണ്‌ ജാമ്യം കിട്ടാൻ കാരണം. ആദ്യഘട്ടത്തിൽ അതിവേഗം അന്വേഷണം മുന്നോട്ടുനീക്കിയ കസ്‌റ്റംസിൽ അടിക്കടിയുണ്ടായ സ്ഥലം മാറ്റവും അനധികൃത ഇടപെടലുമാണ്‌ കുറ്റപത്രം വൈകിപ്പിച്ചത്‌. കേസിൽ ആദ്യം പിടിയിലായ സരിത്തും സ്വപ്‌ന സുരേഷും സന്ദീപ്‌ നായരും നൽകിയ മൊഴിയിലൂടെയാണ്‌ കസ്‌റ്റംസിന്‌ പെരിന്തൽമണ്ണ സ്വദേശി റമീസിനെക്കുറിച്ചുള്ള വിവരം കിട്ടിയത്‌. കുറ്റവാളികൾ ഉൾപ്പെട്ട വലിയ സംഘം എപ്പോഴും റമീസിനൊപ്പം ഉണ്ടായിരുന്നെന്നും കള്ളക്കടത്ത്‌ ആസൂത്രണം ചെയ്യാനും നയതന്ത്ര ബാഗേജിൽ എത്തുന്ന സ്വർണം  ആവശ്യക്കാർക്ക്‌ കൈമാറാനും നേതൃത്വം നൽകിയത്‌ റമീസാണെന്നുമാണ്‌ മറ്റു പ്രതികൾ മൊഴിനൽകിയത്‌. വിദേശത്തും ഇയാൾക്ക്‌ അധോലോകബന്ധങ്ങൾ ഉള്ളതായും മറ്റു പ്രതികൾ പറഞ്ഞു. ലോക്ക്‌ഡൗൺ മുതലാക്കി കൂടുതൽ സ്വർണം എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും റമീസാണെന്ന്‌  മൊഴിയുണ്ട്‌. തുടർന്ന്‌ ജൂലൈ 12നാണ്‌ കസ്‌റ്റംസ്‌ റമീസിനെ അറസ്‌റ്റ് ചെയ്‌തത്‌. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ചാക്കീരി അഹമ്മദുകുട്ടിയുടെ കൊച്ചുമകനുമാണ്‌ റമീസ്‌.  കസ്‌റ്റംസ്‌ സ്വർണം പിടികൂടുമ്പോൾ റമീസ്‌ തിരുവനന്തപുരത്തുണ്ടായിരുന്നു. സരിത്തും സ്വപ്‌നയും സന്ദീപ്‌ നായരുമായി കൂടിക്കാഴ്‌ച നടത്തി ബാഗേജ്‌ വിട്ടുകിട്ടാനുള്ള നീക്കങ്ങൾ നടത്തിയത്‌ റമീസാണ്‌. എൻഐഎ കേസെടുത്തതിനെ തുടർന്ന്‌ ജൂലൈ 27ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി.  കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കള്ളക്കടത്ത്‌  കേസിലെ പ്രധാനിയെന്നാണ്‌ റമീസിനെ വിശേഷിപ്പിച്ചത്‌. സ്വർണക്കടത്ത്‌ കേസിലെ അന്വേഷണം അതിവേഗം പൂർത്തിയാകുന്നതിന്റെ സൂചനകളാണ്‌ ആദ്യഘട്ടത്തിൽ കസ്‌റ്റംസ്‌ നൽകിയിരുന്നത്‌. വിദേശത്തുള്ള പ്രതികളെക്കൂടി ചോദ്യംചെയ്‌താൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും  അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നൽകിയ ജോയിന്റ്‌ കമീഷണറെ രാഷ്ട്രീയ കാരണങ്ങളാൽ നാഗ്‌പുരിലേക്ക്‌ സ്ഥലംമാറ്റിയത്‌. തുടർന്ന്‌ അന്വേഷണസംഘത്തിലെ രണ്ട്‌ സൂപ്രണ്ടുമാർ ഉൾപ്പെടെ പ്രിവന്റീവ്‌ വിഭാഗത്തിലെ എട്ടുപേരെ സ്ഥലംമാറ്റി. ഏറ്റവും ഒടുവിൽ അസിസ്‌റ്റന്റ്‌ കമീഷണറെ മറ്റൊരു വിഭാഗത്തിലേക്കും  നിയോഗിച്ചു. ജോയിന്റ്‌ കമീഷണറുടെ സ്ഥലംമാറ്റത്തോടെതന്നെ അതൃപ്‌തിയിലായിരുന്നു കസ്‌റ്റംസ്‌ സംഘം. സ്വപ്‌നയുടെ മൊഴി ചോർന്നതിന്റെ പേരിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്‌തതോടെ അന്വേഷണസംഘം കടുത്തസമ്മർദത്തിലായി. അന്വേഷണസംഘത്തിലെ പ്രധാനികൾ പലരും ഇപ്പോഴും സ്ഥലംമാറ്റ ഭീഷണിയിലാണെന്നത്‌ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News