മോഡിക്ക്‌ സ്വീകരണം; സ്‌മിതാ മേനോനെ പിന്തുണച്ച്‌ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നുണ്ടോ എന്നറിയില്ല



കോഴിക്കോട്‌ > മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്‌മിതാമേനോന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിച്ചതിൽ തെറ്റില്ലെന്ന്‌ കെ സുരേന്ദ്രൻ. ബിജെപിക്ക്‌ അകത്തുതന്നെ എതിർപ്പുയർന്ന സാഹചര്യത്തിലാണ്‌ സുരേന്ദ്രന്റെ പ്രതികരണം. ശോഭാ സുരേന്ദ്രൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നറിയില്ല. നേതൃത്വത്തെ അങ്ങനെയൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഞായറാഴ്‌ച മോഡിയെ  സ്‌മിത വിഐപി ഏരിയയിലെത്തി സ്വീകരിച്ചതാണ് വിവാദമായത്. പ്രമുഖനേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പുതുമുഖമായ സ്‌മിതക്ക് ലഭിച്ച പ്രാധാന്യവും പരിഗണനയുമാണ് ചര്‍ച്ച. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന ഫോട്ടോ സ്‌മിത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ബിജെപി സംഘപരിവാര്‍ വൃത്തങ്ങളില്‍ചൂടേറിയ  ചര്‍ച്ച. പ്രവര്‍ത്തന പാരമ്പര്യമില്ലാതെ മഹിളാമോര്‍ച്ച ഭാരവാഹിത്വത്തില്‍ സ്മിതയെത്തിയത് നേരത്തെ ബിജെപിയില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത അബൂദാബിയിലെ നയതന്ത്ര സമ്മേളനത്തില്‍ സ്‌മിത പങ്കെടുത്തതും വലിയ വിവാദം സൃഷ്‌ടിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ആര്‍എസ്എസ്  മുഖവാരിക കേസരിയുടെ  കവര്‍ചിത്രമായി  സ്മിതയുടെ ഫൊടോ പ്രസിദ്ധീകരിച്ച സംഭവവവുമുണ്ടായി. ഒരു വിഭാഗം മഹിളാനേതാക്കളെ ഒതുക്കുന്നതിനിടയില്‍ സ്‌മിതാമേനോനെ ചില നേതാക്കള്‍ അനര്‍ഹമായ പരിഗണന നല്‍കി വളര്‍ത്തുന്നതായാണ് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഇവര്‍ക്ക് സീറ്റ് നല്‍കാനുള്ള ചരടുവലികളും സജീവമാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. Read on deshabhimani.com

Related News