അധ്യക്ഷക്കസേര ‘എടുക്കാൻ’ സുരേഷ്‌ ഗോപി; തടയാൻ സുരേന്ദ്രൻ



തിരുവനന്തപുരം ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹത്തിന്‌ ആക്കംകൂട്ടി സുരേഷ്‌ ഗോപിയെ അമിത്‌ ഷാ ഡൽഹിക്ക്‌ വിളിപ്പിച്ചു. ഞായർ സുരേഷ്‌ ഗോപി അമിത്‌ ഷായെ കണ്ടേക്കും. എന്നാൽ, തൽക്കാലം കെ സുരേന്ദ്രനെ മാറ്റേണ്ടെന്നാണ്‌ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ ദേശീയ നേതൃത്വത്തെ അറിയിച്ചത്‌. കനത്ത തോൽവിയുണ്ടായിട്ടും മുരളീധരനും സുരേന്ദ്രനും തുടരുന്നത്‌ സന്തോഷിന്റെ പിന്തുണയിലാണെന്ന്‌ പി കെ കൃഷ്ണദാസ്‌ വിഭാഗം പറയുന്നു.    സംസ്ഥാന ബിജെപിക്കുള്ളിലെ പോര്‌ മുറുകുന്നതിനാൽ അഴിച്ചുപണിയാണ്‌ നല്ലതെന്നും ഒരുവിഭാഗം ദേശീയ നേതാക്കൾ നിർദേശിച്ചു. തെരഞ്ഞെടുപ്പുതോൽവി അന്വേഷിച്ച അഞ്ചംഗസമിതി സംഘടനാ പ്രശ്നം ഗുരുതരമാണെന്നതിന്‌ തെളിവ്‌ നൽകിയിരുന്നു. സുരേന്ദ്രനെ നേരത്തേ മാറ്റേണ്ടതായിരുന്നെന്ന്‌ പി പി മുകുന്ദൻ പറഞ്ഞു. പോരടിച്ച്‌ എം ടി രമേശ്‌ –- *സുരേന്ദ്രൻ അധികാരത്തിന്റെ സുഖത്തിലിരിക്കുന്നവർ സംഘടനയെ മറക്കുന്നതാണ്‌ പ്രശ്നങ്ങൾക്ക്‌ കാരണമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനെയും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ഉദ്ദേശിച്ചായിരുന്നു ഒളിയമ്പ്‌. എന്നാൽ, നിമിഷങ്ങൾക്കകം സുരേന്ദ്രൻ തിരിച്ചടിച്ചു. അധികാരമില്ലാത്ത സംസ്ഥാനമാണ്‌ കേരളം. കഷ്ടപ്പെട്ടാണ്‌ പ്രവർത്തിക്കുന്നത്‌. ഇവിടെ അധികാരത്തെക്കുറിച്ച്‌ പറയുന്നതിൽ അർഥമില്ലെന്ന് സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേതൃമാറ്റ ചർച്ച സജീവമായിരിക്കെയുള്ള വാക്‌പോര്‌ അധികാരകേന്ദ്രം മാറുന്നതിന്റെ സൂചനയാണ്. Read on deshabhimani.com

Related News