കെ സുധാകരൻ 32 കോടിയുടെ അഴിമതി നടത്തി; വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ



കണ്ണൂർ > കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. വനംമന്ത്രി ആയിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനക്കടത്ത് നടത്തിയെന്നും പ്രശാന്ത് ബാബു പറഞ്ഞു. സുധാകരന്‍ പൊതുരംഗം ക്രിമിനല്‍വല്‍ക്കരിക്കുന്നുവെന്നും 32 കോടിയുടെ അഴിമതി നടത്തിയെന്നും പ്രശാന്ത്‌ ആരോപണം ഉന്നയിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ആരോപണമെന്നും പ്രശാന്ത് ബാബു പറഞ്ഞു. അതേസമയം സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്‌തു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. പ്രശാന്ത് ബാബു പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. കെ കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്റെ ആരോപണം. തന്റെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ്‌ വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്‌. കെ കരുണാകരന്‍ ട്രസ്റ്റ്, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു. Read on deshabhimani.com

Related News