മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മര്യാദകൾക്ക്‌ നിരക്കാത്തത്‌; കേരളത്തിലെ കോൺഗ്രസിന്റെ സമനില തെറ്റി: മന്ത്രി പി രാജീവ്‌



തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻനടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. പൊതുപ്രവർത്തന മര്യാദകൾക്ക് നിരക്കാത്തതും ഒരു രാഷ്‌ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻപാടില്ലാത്തതുമായ പരാമർശമാണതെന്നും മന്ത്രി പറഞ്ഞു. സ്ഥിരമായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന ചിന്ത കേരളത്തിലെ കോൺഗ്രസിൻ്റെ സമനില തെറ്റിച്ചിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷനേതാവിൻ്റെയും വാക്കുകൾ സൂചിപ്പിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പ്രസ്‌താവനകളും പരിഷ്‌കൃ‌ത സമൂഹത്തിന് ചേരുന്നതല്ല. ഇത്തരം പ്രതികരണങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്  കോൺഗ്രസ് സസ്പെൻ്റ് ചെയ്‌തിരുന്നു. പ്രധാനമന്ത്രിക്കെതിരെ നീച് എന്ന പ്രയോഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉടനെ നടപടിയെടുക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു. മണിശങ്കർ അയ്യരുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് കോൺഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കാൻ തയ്യാറാകുമോ? അതോ പ്രധാനമന്ത്രിയെ പറഞ്ഞാൽ മാത്രമേ സംഘടനാ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവുകയുള്ളൂ? - പി രാജീവ്‌ ചോദിച്ചു.   Read on deshabhimani.com

Related News