ഇതാണ്‌ സുധാകരൻ പറഞ്ഞ ഒരു കെഎസ്‌യു രക്തസാക്ഷി



കൊച്ചി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞ കെഎസ്‌യുവിന്റെ ‘നൂറുകണക്കിന്‌ രക്തസാക്ഷി’കളിലൊന്ന്‌ കൊച്ചിയിലെ മുൾജി അഥവാ മുരളി. എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും വയലാർ രവിയുടെയും വിദ്യാർഥി–-യുവജന രാഷ്‌ട്രീയകാലത്ത്‌ നിർമിച്ചെടുത്തത്‌. രാഷ്‌ട്രീയനേട്ടത്തിന്‌ പതിറ്റാണ്ടുകളോളം മൂവരും അവരുടെ പിൻഗാമികളായ കെഎസ്‌യുക്കാരും കേരള സമൂഹത്തിനുമുന്നിൽ ഉളുപ്പില്ലാതെ ആവർത്തിച്ച കല്ലുവച്ച നുണ.  മാതൃഭൂമിയിൽ ദീർഘകാലം റിപ്പോർട്ടറായിരുന്ന അന്തരിച്ച എൻ എൻ സത്യവ്രതൻ 2007ൽ പുറത്തിറക്കിയ ‘വാർത്ത വന്ന വഴി’ എന്ന പുസ്‌തകത്തിലൂടെയാണ്‌  ‘രക്തസാക്ഷിത്വ’ത്തിന്റെ കള്ളത്തരം തുറന്നുകാട്ടിയത്‌. 1968ൽ തേവര കോളേജിലെ കെഎസ്‌യുക്കാർ പഠിപ്പുമുടക്കി നടത്തിയ സമരമാണ്‌ രംഗം. സമരം തേവര ജങ്ഷനിലെത്തിയപ്പോൾ പൊലീസിനെ ആക്രമിച്ചുതുടങ്ങി. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ നാല്‌ വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. അക്കൂട്ടത്തിൽ ഗുജറാത്തുകാരനായ ‘മുൾജി’യുമുണ്ടായിരുന്നു. മുൾജി ഉൾപ്പെടെ പരിക്കേറ്റ നാലാളുടെയും പേര്‌ ഉൾപ്പെടുത്തി സത്യവ്രതൻ മാതൃഭൂമിക്ക്‌ വാർത്ത നൽകി. അത്‌ അച്ചടിച്ചുവന്നപ്പോൾ മുൾജി ‘മുരളി’ എന്നായി. അന്നുതന്നെ രാത്രി തേവരയിലുള്ള മുരളി എന്ന മറ്റൊരു വിദ്യാർഥി മരിച്ചു. അസുഖംബാധിച്ചായിരുന്നു മരണം. സത്യവ്രതൻ പുസ്തകത്തിൽ പറയുന്നു:  ‘‘കാറ്റാടിപോലെ അശു ആയ കുട്ടി. രാഷ്ട്രീയം തൊട്ടുതെറിച്ചിട്ടില്ല. സമരത്തിന്റെ അരികിൽക്കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കുണ്ടായപ്പോൾ കുട്ടി നേരത്തേ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി. പെട്ടെന്നു മരിച്ചു.’’ കെഎസ്‌യുക്കാർ മുരളിയുടെ വീട്‌ കണ്ടുപിടിച്ച്‌ കണ്ണീർ വീഴ്‌ത്തി രക്തസാക്ഷിയാക്കി. മുൾജി മുരളിയായ കാര്യം മറച്ചുവച്ച് മൗനജാഥയും പഠിപ്പുമുടക്കും സംഘടിപ്പിച്ചു. തന്നെ രാഷ്ട്രീയമായി ഏറെ വളർത്തിയത് മുരളിയുടെ ‘രക്തസാക്ഷിത്വ’മായിരുന്നെന്ന്‌ അന്ന് കെഎസ്‌യു പ്രസിഡന്റായിരുന്ന ഉമ്മൻചാണ്ടി പിന്നീട് പറഞ്ഞു. എ കെ ആന്റണിയാണ്‌ അന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌. വർഷങ്ങൾക്കുമുമ്പ് ഈ സത്യം വെളിപ്പെടുത്താനൊരുങ്ങിയപ്പോൾ ഉമ്മൻചാണ്ടി തടസ്സപ്പെടുത്തിയതിനെപ്പറ്റിയും ‘മുൾജി മുരളിയായി, സമരത്തിരയിളകി’ എന്ന അധ്യായത്തിൽ സത്യവ്രതൻ പറയുന്നു. അതിങ്ങനെ: ‘കഥ’ പറയുമെന്ന് ഞാൻ. ഉമ്മൻചാണ്ടിക്ക്‌ വല്ലായ്‌മ. ‘വേണ്ട സത്യാ വേണ്ട, ഇപ്പോൾ ഏതായാലും വേണ്ട’. ഉമ്മൻചാണ്ടി പറഞ്ഞതല്ലേ. ഞാൻ വഴങ്ങി’. ഇത്തരത്തിലാണ്‌ സുധാകരന്റെ പാർടിയുടെ രക്തസാക്ഷിക്കഥകൾ.     Read on deshabhimani.com

Related News