സുധാകരൻ മോൻസൺ ബന്ധം ; ഉലഞ്ഞ്‌ കോൺഗ്രസ്‌



തിരുവനന്തപുരം മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പങ്കിനെക്കുറിച്ചുയർന്ന ആരോപണത്തിൽ കോൺഗ്രസിൽ കടുത്ത ഭിന്നത. കേസിൽ കേന്ദ്ര അന്വേഷണം വേണമെന്ന നിലപാട്‌ മുൻ യുഡിഎഫ്‌ കൺവീനർകൂടിയായ ബെന്നി ബഹനാൻ എംപി ആവർത്തിച്ചു. സിബിഐ അനേഷണം വേണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എം സുധീരൻ കത്ത്‌ നൽകിയതിനു പിന്നാലെയാണ്‌ ബെന്നി ബഹനാൻ  ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചത്‌. സുധാകരനെ ഉന്നംവച്ച്‌ എതിർചേരി നീങ്ങുകയാണെന്ന്‌ വ്യക്തമായതോടെ വേട്ടയാടൽ വാദവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ രംഗത്തുവന്നു. രാഷ്ട്രീയ നേതാക്കൾ ഓരോ സ്ഥലത്ത്‌ പോകുമ്പോൾ ആൾക്കാർ ഒപ്പംനിന്ന്‌ ഫോട്ടോ എടുക്കാറുണ്ടെന്നും അവർ പിന്നീട്‌ കേസിൽപ്പെടുമ്പോൾ നേതാക്കളെ കുറ്റപ്പെടുത്തുന്നത്‌ എന്ത്‌ ന്യായമെന്നാണ്‌ സതീശന്റെ ചോദ്യം. സ്വർണക്കടത്ത്‌ കേസ്‌ സമയത്ത്‌ സതീശന്റെ ഈ ന്യായീകരണം എവിടെയായിരുന്നെന്നാണ്‌ മറുവിഭാഗം ചോദിക്കുന്നത്‌. ഫോട്ടോയുടെ പേരിൽ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന വാദം മുതിർന്ന നേതാക്കൾ തള്ളി. പുരാവസ്‌തു തട്ടിപ്പ്‌ കേസ്‌ സുധാകരനും സതീശനും അടങ്ങിയ പുതിയ നേതൃചേരിക്കെതിരെ ആയുധമാക്കുകയാണ്‌ മറുവിഭാഗം. വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ സുധാകരനെതിരെ രംഗത്ത്‌ വരും. അതേസമയം, ആരോപണത്തിൽനിന്ന്‌ മുഖം രക്ഷിക്കാൻ മോൻസൺ മാവുങ്കലിനും തട്ടിപ്പിനിരയായ അനൂപിനും എതിരെ പരാതി നൽകാൻ സുധാകരൻ ആലോചന തുടങ്ങി. ചെന്നിത്തലയെ ലക്ഷ്യമാക്കി ഓഡിറ്റിങ് രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ പദവി വഹിച്ചിരുന്ന ജയ്‌ഹിന്ദ്‌ ചാനൽ, രാജീവ്‌ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌, കെ കരുണാകരൻ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ ഓഡിറ്റിങ്‌ നടത്താൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ചെന്നിത്തല പദവികൾ രാജിവച്ചതിനു പിന്നാലെയാണ്‌ കണക്കെടുപ്പ്‌. മുപ്പത്തഞ്ച്‌ കോടിയുടെ നഷ്ടം കണക്കാക്കിയ സാഹചര്യത്തിലാണ്‌ ഓഡിറ്റ്‌ നടത്തുന്നതെന്നും അതിനുശേഷം ചുമതല തിരികെ ഏറ്റെടുത്താൽ മതിയെന്നുമാണ്‌ സുധാകരന്റെ നിലപാട്‌.  ജയ്‌ഹിന്ദിൽ 25 കോടി രൂപയും രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നാല്‌ കോടിയും വീക്ഷണത്തിൽ ആറു കോടി രൂപയും നഷ്ടമുണ്ടെന്നാണ്‌  പ്രചാരണം. Read on deshabhimani.com

Related News