പൊലീസ്‌ വെടിയേറ്റ്‌ മരിച്ചവരും എസ്‌എഫ്‌ഐയുടെ തലയിൽ; നുണ ആവർത്തിച്ച്‌ കെ സുധാകരൻ



തിരുവനന്തപുരം > സംഘർഷസ്ഥലത്ത്‌ പൊലീസ്‌ ലാത്തിച്ചാർജിലും വെടിവയ്‌പിലും മരിച്ച കെഎസ്‌യുക്കാരെ എസ്‌എഫ്‌ഐക്കാർ കൊലപ്പെടുത്തിയതാണെന്ന നുണ ആവർത്തിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. കാസർകോട്ടേ സുധാകർ അക്കിദായി, ശാന്താറാം ഷേണായി, കൊച്ചിയിലെ തേവര മുരളി എന്നിവർ എസ്‌എഫ്‌ഐക്കാരാൽ രക്തസാക്ഷികളായെന്നാണ്‌ സുധാകരൻ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്റെ മുഖാമുഖത്തിൽ ആവർത്തിച്ചത്‌. എന്നാൽ, മൂന്നുപേരും പൊലീസ്‌ നടപടികൾക്കിടെയാണ്‌ മരിച്ചത്‌.   1967ൽ കാസർകോട്ടുനടന്ന സമരം കാണാൻ നിൽക്കവേ പൊലീസ്‌ വെടിവയ്‌പിൽ മരിച്ചവരാണ് ശാന്താറാം ഷേണായിയും സുധാകർ അക്കിദായും. കന്നഡ ഭൂരിപക്ഷമേഖല കർണാടകത്തോട്‌ ചേർക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കൊച്ചിയിലെ മുൾജി എ കെ ആന്റണിയും ഉമ്മൻചാണ്ടിയും നേതൃത്വത്തിലിരുന്ന കാലത്ത്‌ നിർമിച്ചെടുത്ത രക്തസാക്ഷിയാണ്‌. മാതൃഭൂമി റിപ്പോർട്ടറായിരുന്ന എൻ എൻ സത്യവ്രതന്റെ ‘വാർത്ത വന്ന വഴി’ എന്ന പുസ്‌തകത്തിൽ ഇത്‌ വിവരിക്കുന്നു. 1968ൽ കെഎസ്‌യുക്കാരുടെ പഠിപ്പുമുടക്ക്‌ സമരത്തിനിടെ ലാത്തിച്ചാർജിൽ അതുവഴി പോയ ഗുജറാത്തുകാരൻ മുൾജിക്ക്‌ പരിക്കേറ്റു. അന്നുരാത്രി തേവരയിലുള്ള മുരളി എന്ന വിദ്യാർഥി അസുഖബാധയിൽ മരിച്ചു. അങ്ങനെ മുൾജിയെ മുരളിയായി അവതരിപ്പിച്ച്‌  ‘രക്തസാക്ഷി’യാക്കി. എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന്‌ പിന്നാലെ കെഎസ്‌യുക്കാർ നടത്തിയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയായി‌. ഒരു കെഎസ്‌യു പ്രവർത്തകൻപോലും എസ്എഫ്ഐയാൽ കൊല്ലപ്പെട്ടിട്ടില്ലെന്നും പൊതുസമൂഹത്തിന്‌ ബോധ്യമായി. ഇതോടെ നൂറുകണക്കിന്‌ കെഎസ്‌യുക്കാർ എസ്‌എഫ്‌ഐക്കാരാൽ കൊല്ലപ്പെട്ടെന്ന നുണയുമായി സുധാകരൻ രംഗത്തെത്തി. പിന്നാലെ കെഎസ്‌യു വെബ്‌സൈറ്റിൽനിന്ന്‌ രക്തസാക്ഷികളുടെ പട്ടിക മുക്കുകയും ചെയ്‌തു. Read on deshabhimani.com

Related News