ഡിസിസി പുനഃസംഘടന : സുധാകരന്റെ ‘ഉത്തരവ്‌ ’ തള്ളി ഗ്രൂപ്പുകൾ



തിരുവനന്തപുരം   കെപിസിസി പുനഃസംഘടനയിൽ അധ്യക്ഷൻ കെ സുധാകരൻ കളിച്ചകളികൾ ഡിസിസി പുനഃസംഘടയിൽ തടഞ്ഞ്‌ എ, ഐ ഗ്രൂപ്പുകൾ. ഡിസിസി പുനഃസംഘടന, കെപിസിസി മാതൃകയിൽ നടത്താനുള്ള നീക്കം ഗ്രൂപ്പുകൾ പൊളിച്ചു. ഭാരവാഹികളാകേണ്ടവരുടെ  പേരുകൾ നൽകാൻ ഗ്രൂപ്പ്‌ നേതാക്കൾ തയ്യാറായില്ല. ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ജില്ലകളിലെ മുതിർന്ന നേതാക്കളിൽനിന്ന്‌ പട്ടിക വാങ്ങി, ഡിസിസി അധ്യക്ഷനുമായി ആലോചിച്ച്‌ കെപിസിസിക്ക്‌ നൽകണം എന്നായിരുന്നു സുധാകരന്റെ നിർദേശം. ജനുവരി പകുതിയോടെ നടപടി പൂർത്തിയാക്കണമെന്നും ‘ഉത്തരവിട്ടു’.  എന്നാൽ, ജനറൽ സെക്രട്ടറിമാർക്ക്‌ പട്ടിക നൽകേണ്ടെന്ന്‌  ഗ്രൂപ്പ്‌ നേതാക്കൾ തീരുമാനിച്ചു. പട്ടികയിലുള്ളവരെ പരിഗണിക്കുമെന്ന ഉറപ്പുണ്ടാകണമെന്ന നിർദേശം തിരികെവച്ചു. പുതിയ ചേരിക്കാരെയും എ, ഐ ഗ്രൂപ്പുകളിൽനിന്ന്‌ മാറാൻ തയ്യാറാകുന്നവരെയും ഭാരവാഹികളാക്കാനുള്ള സുധാകരന്റെ നീക്കം പൊളിക്കലാണ്‌ ലക്ഷ്യം. കെപിസിസി പുനഃസംഘടനയിൽ ഉമ്മൻചാണ്ടിയോടും രമേശ്‌ ചെന്നിത്തലയോടും പേരുകൾ വാങ്ങി കബളിപ്പിച്ചിരുന്നു. സുധാകരനൊപ്പം നിൽക്കാമെന്ന്‌ ഉറപ്പ്‌ കൊടുത്തവരെ മാത്രം പരിഗണിച്ചു. പുനഃസംഘടന താഴെത്തട്ടിലേക്ക്‌ എത്തുമ്പോൾ  ശക്തി അറിയിക്കാമെന്ന ധാരണയിലാണ്‌ അന്ന്‌ ഗ്രൂപ്പ്‌ നേതാക്കൾ എത്തിയത്‌. അധ്യക്ഷനായപ്പോൾ ലഭിച്ച പിന്തുണ സ്വന്തം ‘പ്രകടനം ’ മൂലം നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ സുധാകരൻ. ആദ്യഘട്ടത്തിൽ സുധാകരനൊപ്പം ഉറച്ചുനിന്ന്‌ ഭാരവാഹികളായ പഴയ  ഗ്രൂപ്പുകാർക്കും ചാഞ്ചാട്ടമുണ്ട്‌. ഇതും എ, ഐ നേതാക്കൾക്ക്‌ വീര്യം പകരുന്നു. Read on deshabhimani.com

Related News