"മാതൃഭൂമി' അർദ്ധസത്യങ്ങൾ വാർത്തയാക്കുന്നു; രൂക്ഷവിമർശനവുമായി സച്ചിദാനന്ദൻ



തൃശ്ശൂർ > മാതൃഭൂമി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ വക്രബുദ്ധികള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നുവെന്ന വിമർശനവുമായി സച്ചിദാനന്ദൻ. കേരളഗാനത്തെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച വാർത്തയിലാണ്‌ സച്ചിദാനന്ദന്റെ രൂക്ഷ പ്രതികരണം. അങ്ങനെ ഒരു വിഷയം ഭരണസമിതി ചർച്ച ചെയ്‌തിട്ടില്ലെന്നും, സാഹിത്യ അക്കാദമിയെക്കുറിച്ച്‌ മുൻപും മാതൃഭൂമി അർദ്ധസത്യങ്ങൾ റിപ്പോർട്ട്‌ ചെയ്‌തുവെന്നും സച്ചിദാനന്ദൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. സച്ചിദാനന്ദന്റെ കുറിപ്പ്‌: ഇന്നലെ ഒരാള്‍ വിളിച്ചു  മാതൃഭൂമിയില്‍ നിന്ന് ആണെന്ന് പറഞ്ഞു. ബോധേശ്വരന്റെ പഴയ കേരളഗാനം കേരളത്തിന്റെ ഗാനമായി സര്‍ക്കാര്‍ അംഗീകരിച്ചു എന്നും  ഇനി അക്കാദമി കേരളഗാനത്തിന്നായുള്ള മത്സരം നടത്തുന്നത് തുടരുമോ എന്നും ചോദിച്ചു. സര്‍ക്കാര്‍ ആ ഗാനം അംഗീകരിച്ചുവെങ്കില്‍  തുടരാന്‍ ഇടയില്ലെന്നും അടുത്ത് മാത്രം ചാര്‍ജെടുത്ത പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും പറഞ്ഞു. ആ  "റിപ്പോര്‍ട്ടര്‍' എന്തൊക്കെയോ എഴുതി പത്രത്തിന് കൊടുത്തു. ഒരന്വേഷണവും നടത്താതെ പത്രം അത് വലിയ വാര്‍ത്തയായി കൊടുക്കുകയും ചെയ്‌തു. ഞാന്‍ അങ്ങിനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടുമാത്രമേയുള്ളൂ. ഞങ്ങള്‍ വന്ന ശേഷം അങ്ങിനെ ഒരു വിഷയം ഭരണസമിതിയില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. മാതൃഭൂമി മുന്‍പും അര്‍ദ്ധസത്യങ്ങള്‍ മാത്രമുള്ള ഒരു റിപ്പോര്‍ട്ട്‌ സാഹിത്യ അക്കാദമിയെക്കുറിച്ചു പ്രസിദ്ധീകരിച്ചിരുന്നതിനെ ഈ സംഭവവുമായി കൂട്ടി വായിക്കുമ്പോള്‍ ഇതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു കാണാന്‍ വിഷമമില്ല. അക്കാദമി സജീവമായത് ചില ആളുകള്‍ക്ക് ഇഷ്ടമായിട്ടില്ലെന്നു വ്യക്തം. ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ കത്ത് ഞാന്‍ ബ്യൂറോവിന്നു അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുമോ എന്ന് നോക്കാം. സത്യങ്ങള്‍ക്ക് വാർത്താമൂല്യം ഇല്ലാത്ത കാലമാണല്ലോ. Read on deshabhimani.com

Related News