ശബരീനാഥനെ 
പുറത്താക്കണമെന്ന്‌ 
യൂത്ത്‌ കോൺഗ്രസ്‌



കോട്ടയം   യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ്‌ ശബരീനാഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന നേതൃത്വത്തിന്‌ കത്ത്‌. ഈരാറ്റുപേട്ടയിൽ നടക്കാനിരിക്കുന്ന സെമിനാറിന്റെ പേരിൽ രണ്ടുതട്ടിലായ കോട്ടയത്തെ യൂത്ത്‌ കോൺഗ്രസിലെ ഒരു വിഭാഗമാണ്‌ ശബരീനാഥനെതിരെ രംഗത്ത്‌ വന്നത്‌. കോട്ടയം ഡിസിസി പ്രസിഡന്റിനെ അപമാനിച്ചുവെന്നാണ്‌ ഇവരുടെ ആരോപണം. യൂത്ത്‌ കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പരിപാടി ഡിസിസിയെ അറിയിക്കേണ്ട ആവശ്യമില്ലെന്ന്‌ ശബരീനാഥൻ പറഞ്ഞത്‌ അദ്ദേഹത്തെ അപമാനിക്കലാണെന്ന്‌ ജില്ലാ കമ്മിറ്റിയിലെ 36ൽ 22 പേരും ഒപ്പിട്ട പരാതിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി  പറമ്പിലിന്‌ നൽകിയ കത്തിൽ ജില്ലയിലെ നാലിൽ മൂന്ന് വൈസ് പ്രസിഡന്റുമാരും ഒപ്പിട്ടിട്ടുണ്ട്‌. എന്നാൽ ഇതേക്കുറിച്ച്‌ അറിയില്ലെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയി ‘ദേശാഭിമാനി’ യോട്‌ പറഞ്ഞു. ചിന്റുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ്‌ തരൂരിന്‌ ഈരാറ്റുപേട്ടയിൽ ആതിഥ്യമരുളുന്നത്‌.ഈരാറ്റുപേട്ടയിൽ സെമിനാർ സംഘടിപ്പിച്ചത്‌ അറിഞ്ഞില്ലെന്നും  യൂത്ത്‌ കോൺഗ്രസിന്റേത്‌ തെറ്റായ കീഴ്‌വഴക്കമാണെന്നും കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന്‌ മറുപടിയായാണ്‌ ശബരീനാഥൻ പരിപാടി അറിയിക്കേണ്ടതില്ലെന്നും പരിപാടി  സംസ്ഥാന കമ്മിറ്റി അറിഞ്ഞാണെന്നും പറഞ്ഞത്‌. Read on deshabhimani.com

Related News