ഹരിതപാത; ഡിപിആർ ജനസമക്ഷം, 2025 - 26 ൽ പൂർത്തിയാക്കും



തിരുവനന്തപുരം > സിൽവർ ലൈനിന്റെ സമ്പൂർണ വിശദ പദ്ധതിരേഖ (ഡിപിആർ) സർക്കാർ പുറത്തുവിട്ടു. പ്രതിപക്ഷം വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ്‌ നടപടി.  പദ്ധതി പാരിസ്ഥിതികമായി ഗുരുതര ആഘാതം സൃഷ്‌ടിക്കില്ലെന്ന്‌ ഡിപിആർ വ്യക്തമാക്കുന്നു. സാങ്കേതിക, സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പദ്ധതി ദീർഘാടിസ്ഥാനത്തിൽ പരിസ്ഥിതിക്ക്‌ ഗുണകരമാകും. തിരുവനന്തപുരം–-കാസർകോട്‌ പാതയ്‌ക്ക്‌ 529.45 കിലോമീറ്ററാണ്‌ ഉള്ളത്‌. 2025–-26 ൽ പൂർത്തിയാക്കും.  കൊച്ചുവേളിമുതൽ തൃശൂർവരെയാണ്‌ ആദ്യഘട്ടം. തൃശൂർ–-കാസർകോട്‌ രണ്ടാംഘട്ടം. പദ്ധതി പൂർത്തിയാക്കാൻ 63,940.67 കോടി രൂപ  കണക്കാക്കുന്നു. സംസ്ഥാന സർക്കാർ, റെയിൽ മന്ത്രാലയം, പൊതുജനങ്ങളുടെ ഓഹരി, വിദേശവായ്പ എന്നിവ വഴിയാണ്‌ ധനശേഖരണം. മറ്റു ഗതാഗതമാർഗങ്ങളുമായി താരതമ്യംചെയ്‌ത്‌ ലാഭകരമെന്ന്‌ ബോധ്യപ്പെട്ടശേഷമാണ്‌ പദ്ധതിയിലേക്ക്‌ സർക്കാർ കടന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതിയും റെയിൽ മന്ത്രാലയം അധികൃതരും ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ഉൾപ്പെടെയുള്ള വിവിധ സമിതിയും പലപ്രാവശ്യം യോഗം ചേർന്നു. സാമ്പത്തിക–-സാങ്കേതിക വിദഗ്ധരും പങ്കെടുത്തിരുന്നു. തുടർന്നാണ്‌ ഡിപിആർ തയ്യാറാക്കിയത്‌. നിലവിൽ 10–-12 മണിക്കൂറുള്ള യാത്ര നാലു മണിക്കൂറായി ചുരുങ്ങുന്നത്‌ വൻമാറ്റം സംസ്ഥാനത്തുണ്ടാക്കും. പാത കടന്നുപോകുന്നിടത്തെല്ലാം വികസനക്കുതിപ്പുണ്ടാകും. യാത്രാസൗകര്യ വർധനയും ചരക്കുഗതാഗത വേഗവും വ്യാവസായികരംഗത്തും തൊഴിൽരംഗത്തും മുന്നേറ്റമാകും. നിക്ഷേപ, റിയൽ എസ്‌റ്റേറ്റ്‌ മേഖലയും വളരും. വൈവിധ്യമാർന്ന വളർച്ച ഉണ്ടാകുമെന്നും ഡിപിആർ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News