സിൽവർ ലൈനിന്‌ ചെലവ്‌ കൂടില്ല ; നിതി ആയോഗ് ചോദ്യം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും മറുപടി നൽകിയെന്നും കെ റെയിൽ അധികൃതർ



സ്വന്തം ലേഖകൻ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ അർധ അതിവേഗ റെയിൽപാതയുടെ ചെലവ്‌ സംബന്ധിച്ച നിതി ആയോഗിന്റെ നിരീക്ഷണത്തിന്‌ കെ റെയിൽ മറുപടി നൽകി. രൂപരേഖ പ്രകാരം പദ്ധതി ചെലവ്‌ 65000 കോടി രൂപയാണ്‌. പദ്ധതി ഉടൻ ആരംഭിച്ച്‌ അഞ്ച്‌ വർഷംകൊണ്ട്‌‌ പൂർത്തികരിച്ചാൽ ചെലവിൽ മാറ്റം വരില്ല. നിർമാണച്ചെലവ് കിലോമീറ്ററിന് 120 കോടി രൂപ എന്ന രൂപരേഖയിലെ വിലയിരുത്തൽ മറ്റു പദ്ധതികളെ അപേക്ഷിച്ചു കുറവാണെന്നാണ്‌ നിതി ആയോഗ് ചൂണ്ടിക്കാട്ടിയത്‌. സിൽവർ ലൈൻ പദ്ധതിയെ ഡൽഹി– മീററ്റ് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിയുമായാണ്‌ നീതി ആയോഗ്‌ താരതമ്യപ്പെടുത്തിയത്‌. അതിന്റെ ചെലവ്‌ കിലോമീറ്ററിന്‌ 370 കോടിയാണ്‌. എന്നാൽ സിൽവർ ലൈൻ ഹൈസ്‌പീഡ്‌ പദ്ധതിയല്ല. അർധ അതിവേഗ പദ്ധതിയാണ്‌. ആകാശ പാത നഗരങ്ങളിൽ മാത്രമാണ്‌. ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കുറച്ചു കാണിച്ചെന്ന നിരീക്ഷണത്തിനും അടിസ്ഥാനമില്ല. ദേശീയപാത വികസനവുമായാണ്‌ ഇതിനെ നിതി ആയോഗ്‌ താരതമ്യം ചെയ്‌തത്‌. പക്ഷേ മറ്റു പദ്ധതികൾക്കെന്നപോലെ സിൽവർ ലൈനിന്‌ വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ട. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്‌ക്കാനുമാണ്‌ നഗരങ്ങളിൽ ആകാശപാതയായി ആസൂത്രണം ചെയ്‌തത്‌. തൃശൂർ മുതൽ കാസർകോട്‌ വരെ നിലവിലുള്ള റെയിൽ പാതയ്‌ക്ക്‌ സമാന്തരമായിട്ടാണ്‌ സിൽവർ ലൈൻ പാത. ഇതിലൂടെ നിർമാണചെലവ്‌ കുറയ്‌ക്കാനും ഭൂമി ഏറ്റെടുക്കൽ ബാധ്യത ലഘൂകരിക്കാനും സാധിക്കും. പദ്ധതി റിപ്പോർട്ട്‌ സമർപ്പിച്ചുകഴിഞ്ഞാൽ നിതി ആയോഗ്‌ അത്‌ നിരീക്ഷണം നടത്തുകയും ചോദ്യങ്ങൾ  ഉന്നയിക്കുന്നതും സ്വാഭാവികമാണെന്നും നിരീക്ഷണങ്ങൾക്ക്‌ മറുപടി നൽകിയിട്ടുണ്ടെന്നും കെ റെയിൽ അധികൃതർ പറഞ്ഞു. പദ്ധതി പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും. നാലുമണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ യാത്ര ചെയ്യാവുന്ന പദ്ധതിക്ക്‌ സൗരോർജമാണ്‌ ഉപയോഗിക്കുക. പാതയിലുടനീളവും സ്റ്റേഷനടക്കമുള്ള കെട്ടിടങ്ങളിലും സോളാർ പാനൽ സജ്ജീകരിക്കും. Read on deshabhimani.com

Related News