VIDEO - കെ റെയിലിനെതിരെ കെ സുരേന്ദ്രന്റെ പ്രസംഗം; കയ്യടിച്ച്‌ ലീഗും, കോൺഗ്രസും കെ കെ രമയും



തിരുവനന്തപുരം > കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ റെയിലിനെതിരെ കൈകോർത്ത്‌ ബിജെപി - യുഡിഎഫ്‌ - ആർഎംപി സഖ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയടക്കം പങ്കെടുപ്പിച്ച്‌, മോദി സർക്കാരിന്റെ പിന്തുണകൂടി ഉറപ്പാക്കിയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. കേരളത്തിന്റെ സ്വപ്‌ന പദ്ധതി നടപ്പാക്കാതിരിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട്‌ വേണ്ടതെല്ലാം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസംഗത്തിന്‌ കയ്യടിക്കുന്നവരിൽ ആർഎംപി നേതാവ്‌ കെ കെ രമ എംഎൽഎ അടക്കമുള്ളവരുണ്ട്‌. ഇതിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുകയാണ്‌.   വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്‌യില്ലാതെ സർക്കാർ മുന്നോട്ട്‌ പോകുമ്പോഴാണ്‌ ബിജെപി - യുഡിഎഫ്‌ അവിശുദ്ധ സഖ്യം പരസ്യമായി തെരുവിലിറങ്ങിയത്‌. റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലാണ്‌ എൽഡിഎഫിനെതിരെ ബിജെപിയും - ആർഎംപിയുമടക്കം ഒന്നിക്കുന്ന കാഴ്‌ച. കേരളത്തിന്റെ സ്വപ്‌ന പദ്ധതി ഒരു കാരണവശാലും നടപ്പാക്കാതിരിക്കാൻ ബിജെപി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന്‌ കെ സുരേന്ദ്രൻ പറഞ്ഞു. കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നാല്‌ മണിക്കൂറിൽ യാത്ര ചെയ്യാനാകുന്ന പദ്ധതിയാണ്‌ വികസന വിരോധ മുന്നണി എതിർത്ത്‌ തോൽപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്‌. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാവ്‌ കെ സുരേഷ്‌, കെ കെ രമ എംഎൽഎ, മുസ്‍ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരാണ്‌ മാര്‍ച്ചിന്‌ നേതൃത്വം നൽകിയത്‌. കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ  സ്വപ്‌നപദ്ധതിയായ അർധ അതിവേഗ റെയിൽപ്പാതയ്‌ക്ക്‌(സിൽവർലൈൻ) അന്തിമാനുമതി നൽകുന്നത്‌ വൈകിപ്പിക്കുന്ന നടപടിയാണ്‌ കേന്ദ്ര റെയിൽ മന്ത്രാലയത്തിൽനിന്ന്‌  കഴിഞ്ഞദിവസം ഉണ്ടായത്‌. അന്താരാഷ്‌ട്ര ഏജൻസികളിൽനിന്ന്‌ കടമെടുക്കുന്നതിന്‌ ഗ്യാരന്റി നൽകാനാകില്ലെന്നാണ്‌ റെയിൽ മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചിട്ടുള്ളത്‌. പദ്ധതി ലാഭകരമാകുമോ എന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു. കേന്ദ്രം പിന്മാറിയ സ്ഥിതിക്ക്‌ വായ്‌പാ ഗ്യാരന്റി ആര്‌ ഏറ്റെടുക്കുമെന്ന്‌ വ്യക്തത വരുത്തണമെന്നാണ്‌ റെയിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്‌. സിൽവർലൈൻ പദ്ധതിക്കുള്ള അന്തിമാനുമതി ഉടൻ നൽകണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽമന്ത്രിയെ കണ്ട വേളയിലാണ്‌ പദ്ധതിയോട്‌ ചില വിയോജിപ്പുകളുണ്ടെന്ന വ്യക്തമായ സന്ദേശം കേന്ദ്രം നൽകിയിട്ടുള്ളത്‌. വികസനത്തെക്കുറിച്ചും തടസ്സങ്ങളില്ലാത്ത ബിസിനസിനെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്ന മോദി സർക്കാർതന്നെയാണ്‌ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ ദുർബലപ്പെടുത്തുന്ന നയവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌. Read on deshabhimani.com

Related News