ഇടതുപക്ഷത്തെ തകർക്കാൻ ഗൂഢ അജൻഡ: കെ രാധാകൃഷ്ണൻ

സിപിഐ എം ദേശാഭിമാനി ലോക്കൽകമ്മിറ്റി സംഘടിപ്പിച്ച പി കൃഷ്‌ണപിള്ള ദിനാചരണം കേന്ദ്രകമ്മിറ്റിയംഗം 
കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ > ഇടതുപക്ഷത്തെ തകർക്കലാണ്‌  കോൺഗ്രസിന്റെയും   ബിജെപിയുടെയും മുഖ്യ അജൻഡയെന്ന്‌   സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും  പട്ടികജാതി - വർഗ ക്ഷേമ വകുപ്പ്‌  മന്ത്രിയുമായ കെ രാധാകൃഷ്ണൻ പറഞ്ഞു.   തൃശൂർ ദേശാഭിമാനിയിൽ  പി കൃഷ്‌ണപിള്ള ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മുക്കാൽ നൂറ്റാണ്ട്‌ പിന്നിടുന്ന സ്വാതന്ത്ര്യത്തിന്റെ വർത്തമാനം’  എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. പതാകയും ഉയർത്തി.   കേരളത്തിൽ ഇടതുപക്ഷ തുടർഭരണമെന്നത്‌ ചരിത്രമാണ്‌. ജനപക്ഷ ബദൽനയങ്ങൾ നടപ്പാക്കുകയാണ്‌ സർക്കാർ.  ഇത്‌ വലതുപക്ഷ ശക്തികൾക്ക്‌  അംഗീകരിക്കാനാവുന്നില്ല. സർക്കാരിനെ തകർക്കാൻ ഗൂഢശ്രമങ്ങൾ നടത്തുകയാണ്‌.   ഇതൊന്നും  വിലപ്പോവുന്നില്ല. ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൽ  ജനങ്ങൾ ദുരിതത്തിലാണ്. പ്രതിഷേധങ്ങൾക്ക്‌ തടയിടാൻ  ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌.   സമ്പന്നർക്ക് അനുകൂലമായ നയങ്ങളാണിവർ നടപ്പാക്കുന്നത്‌. ഇതിനെതിരെ ഇടതുപക്ഷമാണ് പോരാട്ടങ്ങൾ നടത്തുന്നത്. അതിനാൽ കമ്യൂണിസ്റ്റ് പാർടിയെയും ഇടതുപക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയാണ്‌. ഇതിന്‌ യുഡിഎഫും കൂട്ടുനിൽക്കുകയാണ്‌.   ഗോത്രവിഭാഗത്തിലെ വനിത രാഷ്ട്രപതിയാവുമ്പോഴും അപമാനകരമായ സംഭവങ്ങൾ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. മേൽജാതിക്കാർ വെള്ളം കുടിക്കുന്ന പാത്രത്തിൽ സ്പർശിച്ചുവെന്ന പേരിൽ ഒൻമ്പതു വയസ്സുള്ള   ദളിത് വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്ന സംഭവം അതിനുദാഹരണമാണ്. ഇതൊന്നും ചാനൽ ചർച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ  എ ജി സന്തോഷ് അധ്യക്ഷനായി. ടോം പനക്കൽ, ഐ പി ഷൈൻ, കെ ഗിരീഷ്‌  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News