ആദ്യ വനിതാ വിരലടയാള വിദഗ്‌ധ‌ കെ ആര്‍ ശൈലജ വിരമിച്ചു; നിരവധി കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ സഹായിച്ച വൈദഗ്‌ധ്യം



തിരുവനന്തപുരം > സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്‌ധ‌ കെ ആർ ശൈലജ സർവ്വീസിൽ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗർപ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്‌ടറാണ് ശൈലജ. 1997 ൽ ഫിംഗർപ്രിന്റ് സെർച്ചർ ആയി സർവ്വീസിൽ പ്രവേശിച്ചു. കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗർപ്രിന്റ് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. നിരവധി കേസന്വേഷണങ്ങളിൽ നിർണ്ണായക തെളിവായ വിരലടയാളങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ശൈലജയുടെ വൈദഗ്‌ധ്യമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികൾ കൊല്ലപ്പെട്ട കേസന്വേഷണത്തിൽ വിരലടയാളം പ്രധാനതെളിവായി മാറിയതാണ് അവയിൽ ഏറെ പ്രധാനം. ശൈലജ വിശകലനം ചെ‌യ്‌ത വിരലടയാളങ്ങൾ തെളിവായി സ്വീകരിച്ച് അസ്സം സ്വദേശിയായ പ്രതിയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പൊലീസ് ട്രെയിനിങ്‌ കോളേജിൽ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാർ കെ ആർ ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പൊലീസ് ട്രെയിനിങ്‌ കോളേജ് പ്രിൻസിപ്പൽ കിരൺ നാരായൺ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്‌ടർ വി നിഗാർ ബാബു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News