സാഹിത്യകാരൻ കെ പൊന്ന്യം അന്തരിച്ചു



തലശേരി > സാഹിത്യകാരനും റെയിൽവെ സ്‌റ്റേഷൻ റിട്ട. ഡപ്യൂട്ടി സുപ്രണ്ടുമായ കെ പൊന്ന്യം (കെ കെ കരുണാകരൻ–-96) അന്തരിച്ചു. പൊന്ന്യത്തെ പുതിയമഠത്തിൽ വീട്ടിൽ ചൊവ്വഴ്‌ച പകൽ 12.15നായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി 7ന്‌ വീട്ടുവളപ്പിൽ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു. റെയിൽവെ കഥകളിലൂടെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തിയ ‘സൗപർണിക’യുടെ കഥാകാരനാണ്‌ കെ പൊന്ന്യം. കഥ, കവിത, നോവൽ, നോവലെറ്റ്, വിവർത്തനം, ലേഖനങ്ങൾ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചു. പതിനെട്ടാംവയസിലാണ്‌ ആദ്യം കവിത എഴുതിയത്‌. ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവർ, ഇല്ല സാർ എനിക്കൊരാവലാതിയും ഇല്ല, അവിശ്വാസി, റീത്ത്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും (കഥാസമാഹാരം), അപകടങ്ങൾ (നോവൽ), പാളങ്ങൾ (നോവലെറ്റ്), ആരോ അടുത്തടുത്തുണ്ട്, രണ്ട് വരി രണ്ട് ശബ്ദം (കവിതാ സമാഹാരങ്ങൾ), മറോക്ക (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ. 1950 ഡിസംബർ 15ന്‌ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു.‌ പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്‌റ്റേഷനുകളിൽ ജോലിചെയ്‌തു. 1985–-ൽ തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന്‌ ഡെപ്യൂട്ടി സ്‌റ്റേഷൻ സൂപ്രണ്ടായി വിരമിച്ചു. സാഹിത്യകാരൻ വൈശാഖൻ സഹപ്രവർത്തകനാണ്‌. കതിരൂർ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനും കവിയുമായ വി വി കെയുടെ ശിഷ്യനാണ്‌. ഭാര്യ: പി രോഹിണി (റിട്ട. പ്രധാനധ്യാപിക, പൊന്ന്യം സൗത്ത്‌ എൽപി). മക്കൾ: പി പ്രീത (റിട്ട. അധ്യാപിക, കൊടക്കളം യുപി), അനൂപ്‌കുമാർ (യൂണിയൻ ബാങ്ക്‌, തലശേരി ശാഖ), ജ്യോതി(അധ്യാപിക, മമ്പറം ഇന്ദിരഗാന്ധി സ്കൂൾ). മരുമക്കൾ: കെ കെ ബാലകൃഷ്‌ണൻ (റിട്ട. ജലവിഭവവകുപ്പ്‌, കണ്ണൂർ), രശ്‌മി, മുരളീധരൻ (റിട്ട. സോണൽ മാനേജർ, കിൻഫ്ര). സഹോദരൻ: കെ കെ രാഘവൻ നമ്പ്യാർ. കെ പൊന്ന്യത്തിന്റെ നിര്യാണത്തിൽ പുരോഗമനകലാസാഹിത്യസംഘം കണ്ണൂർ ജില്ലകമ്മിറ്റി അനുശോചിച്ചു. Read on deshabhimani.com

Related News