സ്കീം വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും : ധനമന്ത്രി



തിരുവനന്തപുരം കേന്ദ്ര സ്കീമിന്റെ ഭാഗമായുള്ള ആശ, അങ്കണവാടി, എൻഎച്ച്‌എം, ക്രഷേ, സ്കൂൾ പാചകത്തൊഴിലാളി, ദേശീയ ആയുഷ്‌ മിഷൻ, സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ടി പി രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വിവിധ സ്കീമുകളിലായി നിർദേശിക്കുന്ന ജോലികൾക്ക് പുറമെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ മറ്റ്‌ ജോലികളും ചെയ്യിക്കുന്നുണ്ട്‌. അധികജോലിക്ക് അധികവേതനം വേണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന്‌ ടി പി രാമകൃഷ്‌ണൻ സഭയിൽ പറഞ്ഞു. ആശ, അങ്കണവാടി, സ്കൂൾ പാചകം തുടങ്ങിയ സ്കീമുകളിലെ തൊഴിലാളികളുടെ ഓണറേറിയം കാലോചിതമായി വർധിപ്പിക്കണം. മൂന്നു സ്കീമിലും കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അധികവേതനം നാളിതുവരെ നൽകിയിട്ടില്ല. പ്രഖ്യാപിച്ച തുക അടിയന്തരമായി കൊടുക്കാൻ നടപടി സ്വീകരിക്കണം. ക്രഷേ വർക്കർ, സോഷ്യൽ ഓഡിറ്റർമാർ എന്നിവർക്ക് മുടങ്ങിയിട്ടുള്ള ശമ്പളകുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം. എല്ലാ സ്കീമുകളിലെയും തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും തൊഴിലാളി നേതാക്കളുടെയും യോഗം വിളിക്കണമെന്നും ടി പി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്രം കൃത്യമായി ഫണ്ട് അടക്കാത്ത സ്ഥിതിയുണ്ടെങ്കിലും സ്കീമുകളിലെ കുടിശ്ശിക തീർക്കാൻ സംസ്ഥാന സർക്കാർ പണം അഡ്വാൻസ് ചെയ്ത് നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി മറുപടി നൽകി. അങ്കണവാടി, ആശ വർക്കർമാർക്ക്‌ പ്രഖ്യാപിച്ച ഓണറേറിയം വർധന ഉടൻ നൽകാൻ നടപടിയെടുക്കും. വിവിധ സ്കീമുകളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News