ശമ്പളം മുടങ്ങുമെന്നത്‌ തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചുള്ള കുപ്രചാരണം: മന്ത്രി കെ എൻ ബാലഗോപാൽ



തൃശൂർ > സംസ്ഥാനത്ത്‌ ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലൻ പറഞ്ഞു. ജൂണിലും തടസമുണ്ടാവില്ല. തൃക്കാക്കര തെരഞ്ഞെടുപ്പു ലക്ഷ്യംവച്ച്‌  ചിലർ കുപ്രചാരണം നടത്തുകയാണ്‌. തൃശൂർ മാറ്റാംപുറത്ത്‌ എം എൻ ലക്ഷം വീട്‌ ഇരട്ടവീടുകൾ ഒറ്റവീടാക്കൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 30നുശേഷം ജിഎസ്‌ടിക്ക്‌ നഷ്‌ടപരിഹാരമില്ല. കഴിഞ്ഞവർഷം വരെ ലഭിച്ചിരുന്ന ഗ്രാന്റിൽനിന്നും 7000 കോടി വെട്ടിക്കുറച്ചു. മൊത്തം 17000 കോടി ഈ വർഷം കുറയും. ഇത്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഈ വർഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കഴിഞ്ഞ മൂന്നുമാസത്തെ ലാഭം 11000 കോടിയാണ്‌. ഈ വർഷം 40000 കോടി റെക്കൊഡ്‌ ലാഭത്തിലേക്കാണ്‌ പോവുന്നത്‌. മറ്റു ബാങ്കുകളും കമ്പനികളും ലാഭം നേടുന്ന സാഹചര്യത്തിൽസംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കുന്നത്‌ ശരിയല്ല.  പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ലക്ഷ്യം വയ്‌ക്കുന്നതായ ജനങ്ങളുടെ ആശങ്ക ശരിയാണ്‌. കിട്ടാനുള്ളത് കിട്ടിയില്ലേൽഎല്ലാവരും കൂടി ചോദിച്ച് വാങ്ങും. പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഇടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി സ്വയം ചെറുതാവുകയാണ്‌. ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ല.  ആഗോളനിരക്കനുസരിച്ച്‌   പാചകവാതകത്തിന്‌ പരമാവുധി 700 രൂപയേ ഈടാക്കാവൂ. എന്നാൽ 1000 രൂപ കടത്തിയാണ്‌ കേന്ദ്രം വില  നിശ്‌ചയിക്കുന്നത്‌.  പാചകവാതകത്തിന്‌ അഞ്ചുശതമാനം ജിഎസ്‌ടി ഈടാക്കുമ്പോൾ   25 രൂപ മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുക. എല്ലാവർക്കും വീടെന്ന അത്യപുർവ റെക്കോഡിലേക്ക്‌ കേരളം ചുവടുവയ്‌ക്കുകയാണ്‌. ഒന്നാം പിണറായി സർക്കാർ രണ്ടേമുക്കാൽ ലക്ഷംപേർക്ക്‌ വീടുകൾ നൽകി. ജനകീയ പങ്കാളിത്തത്തൊടെ വീടില്ലാത്ത മൂന്നരലക്ഷംപേർക്ക്‌ കുടി വീട്‌ നൽകാനാണ്‌ ലക്ഷ്യം. സംസ്ഥാനത്ത്‌   60 ലക്ഷത്തോളം പേർക്ക്‌ പെൻഷൻ നൽകുന്നു. 42 ലക്ഷം കുടുംബങ്ങൾക്ക്‌ അഞ്ചുലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷയേകുന്നു. മറ്റും സംസ്ഥാനങ്ങളിലൊന്നും ഇതില്ല.  ശമ്പളം നൽകൽ മാത്രമല്ല, ജനങ്ങളിലേക്ക്‌  പണം  എത്തിക്കുന്ന ബദൽ നയമാണ്‌ കേരളത്തിൽ നടപ്പാക്കുന്നതെന്നും പറഞ്ഞു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. Read on deshabhimani.com

Related News