കേന്ദ്രം സെസ്‌ കുറയ്‌ക്കാതെ ഇന്ധനവില കുറയില്ല; മോഡി സർക്കാരിന്റേത്‌ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: മന്ത്രി കെ എൻ ബാലഗോപാൽ



ന്യൂഡൽഹി > പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ വന്നതുകൊണ്ട്‌ ജനങ്ങൾക്ക്‌ പ്രത്യേക ഗുണമുണ്ടാവില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. വില കുറയണമെങ്കിൽ സെസ്‌ ഒഴിവാക്കുകയാണ്‌ വേണ്ടത്‌. മോഡി സർക്കാരിന്റേത്‌ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്‌. ജിഎസ്‌ടിയിൽ കേരളവും മറ്റ്‌ സംസ്ഥാനങ്ങളും എടുത്ത തീരുമാനത്തിൽ കാര്യമുണ്ട്‌ എന്നും, വില കുറയണമെങ്കിൽ സെസ്‌ കുറയ്‌ക്കുന്നതാണ്‌ നല്ലതെന്നുമാണ്‌ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെയും അഭിപ്രായം. ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ മിക്ക സംസ്ഥാനങ്ങളും ഈ ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർത്തുവെന്നും ബാലഗോപാൽ പറഞ്ഞു. യോഗത്തിൽ സംസ്ഥാനത്തിന്‌ ശക്തമായ നിലപാടെടുക്കാൻ സാധിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കണമെങ്കിൽ നിലവിലുള്ള സമ്പ്രദായം തന്നെയാണ്‌ വേണ്ടത്‌. മദ്യവും, പെട്രോളിയവും ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ വില കുറയുമെന്ന്‌ പറയുന്നത്‌ ശരിയല്ല. എന്നുമാത്രമല്ല ജിഎസ്‌ടി ഏർപ്പെടുത്തിയാൽ നിലവിൽ സംസ്ഥാനത്തിന്‌ കിട്ടുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന്‌ പോകും. അതാണ്‌ ജിഎസ്‌ടിയുടെ പ്രത്യേകത. നേരത്തെ വാറ്റും, സെയിൽ ടാക്‌സും ഉണ്ടായിരുന്നപ്പോൾ 14 ശതമാനമായിരുന്നു നമ്മുടെ ടാക്‌സ്‌. ഇപ്പോൾ എന്നാൽ എത്ര പിരിച്ചാലും പകുതിയേ സംസ്ഥാനത്തിന്‌ കിട്ടൂ എന്ന സ്ഥിതിയാണ്‌. ഇത്‌ കേരളത്തെ മാത്രമല്ല. യുപി ആയാലും ഡൽഹി ആയാലും ബാധിക്കും - ബാലഗോപാൽ പറഞ്ഞു. Read on deshabhimani.com

Related News