കെ എം ഷാജിയുടെ ആഡംബര വീട്‌: പുതിയ അവകാശി ലീഗിന്റെ സാമ്പത്തിക ‘സോഴ്‌സ്‌’



കോഴിക്കോട്‌ > കെ എം ഷാജി അനധികൃതമായുണ്ടാക്കിയ ആഡംബര വീടിന്റെ നിർമാണം ക്രമപ്പെടുത്താൻ രംഗത്തിറക്കിയ ‘അവകാശി’കളിലൊരാൾ മുസ്ലിംലീഗിന്റെ പ്രധാന സാമ്പത്തികസ്രോതസ്സ്‌. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനും വേങ്ങരയിൽ ലീഗ്‌ മണ്ഡലം ട്രഷററുമായ അലി അക്‌ബറാണ്‌ അപേക്ഷ നൽകിയവരിലൊരാൾ. ഇയാളുടെ ഇടപാട്‌ സംബന്ധിച്ചും ഷാജിയുമായുള്ള ബന്ധത്തെക്കുറിച്ചും വിജിലൻസും അന്വേഷണമാരംഭിച്ചു. വേങ്ങര വലിയോറ മുതലമാട്‌ സ്വദേശിയായ ഇയാൾ  ദീർഘകാലം പ്രവാസിയായിരുന്നു. ഇപ്പോൾ സൗദിയിൽ സൂപ്പർ മാർക്കറ്റുണ്ട്‌. കെഎംസിസി നേതാവുമായിരുന്നു. അടുത്തിടെയാണ്‌ ലീഗ്‌ മണ്ഡലം ട്രഷററായത്‌. പ്രധാന സാമ്പത്തിക ‘സോഴ്‌സ്‌’ ആയാണ്‌ ലീഗിൽ അറിയപ്പെടുന്നത്‌. ലീഗ്‌ അനുകൂലികളായ പ്രവാസികളിൽനിന്ന്‌ പാർടിക്കായി വലിയതോതിൽ ഫണ്ട്‌ ശേഖരിക്കുന്നത്‌ നേതാക്കളുടെ അടുപ്പക്കാരനാക്കി. കെ എം ഷാജി, എം കെ മുനീറടക്കമുള്ള നേതാക്കളുമായും അടുത്ത ബന്ധമുണ്ട്‌. നേതാക്കളുടെ റിയൽ എസ്‌റ്റേറ്റ്‌ പങ്കാളിയായും ലീഗിൽ അറിയപ്പെടുന്നു‌. മാലൂർകുന്നിലെ ഭൂമി ഇടപാട്‌ ഇത്‌ ശരിവയ്‌ക്കുന്നു. മാലൂർകുന്നിൽ 88 സെന്റ്‌ സ്ഥലം ഷാജിയും മുനീറൂം ചേർന്ന്‌ പാറോപ്പടി പള്ളിവികാരിയെ വഞ്ചിച്ച്‌ സ്വന്തമാക്കിയെന്നായിരുന്നു ആക്ഷേപം. ഷാജിയുടെ ഭാര്യ ആശയുടെയും മുനീറിന്റെ ഭാര്യ നഫീസയുടെയും മറ്റൊരു ബന്ധുവിന്റെയും  പേരിലായിരുന്നു ഭൂമി. മുനീറിന്റെ ഭാര്യയുടെ പേരിലുള്ള 30 സെന്റ്‌ സ്ഥലം പിന്നീട്‌‌ അലി അക്‌ബറിന്റെ പേരിലായി‌. ഇയാൾ ഷാജിയുടെയോ മറ്റാരുടെയെങ്കിലും ബിനാമിയാണോ എന്നും വിജിലൻസ്‌ അന്വേഷിക്കുന്നുണ്ട്‌. Read on deshabhimani.com

Related News