ഡോ. ജോ ജോസഫ് വേദനിക്കുന്നവരുടെ ശബ്ദം : കെ കെ ശൈലജ



കൊച്ചി ആതുരശുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ് എന്ന്‌ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ എണ്ണമറ്റ ദൗത്യങ്ങളിൽ പങ്കാളിയായ ഡോ. ജോ ജോസഫിനെ ഫെയ്‌സ്‌ബുക് പോസ്‌റ്റിലൂടെയാണ്‌ കെ കെ ശൈലജ പരിചയപ്പെടുത്തിയത്‌.  പോസ്‌റ്റിൽനിന്ന്‌:  ‘ജോ ജോസഫിലെ മനുഷ്യസ്‌നേഹിയെ നമ്മൾ കണ്ടത് 2020 ജൂലൈ 21ന് എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെയാണ്. തിരുവനന്തപുരത്തുനിന്ന്‌ ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയിലേന്തി, മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു. മൂന്ന് മണിക്കൂർ 11 മിനിറ്റുകൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തിൽ മിടിച്ചു. ഇതുൾപ്പെടെ അനേകം ഹൃദയശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആതുരശുശ്രൂഷകനാണ് ജോ ജോസഫ്. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്‌രോഗവിദഗ്ധരിൽ ഒരാൾ. സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്റേതായ മുദ്രപതിപ്പിച്ച വ്യക്തി. ഹൃദ്‌രോഗ, ഹൃദയാരോഗ്യ പരിപാലനരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനം കാഴ്ചവച്ചു. അറിവും കഴിവും സന്നദ്ധതയും മനുഷ്യപക്ഷത്തോട് ചേർന്നുനിന്ന് നടപ്പാക്കാനും വേദനകളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനുമുള്ള സന്നദ്ധതയാണ് ജോ ജോസഫിനെ വ്യത്യസ്തനാക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളുടെ ശബ്ദമാകാൻ ജോ ജോസഫിനെ യോഗ്യനാക്കുന്നതും ഇതുതന്നെ’–-- കെ കെ ശൈലജ കുറിച്ചു. Read on deshabhimani.com

Related News