കുഞ്ഞിനെ കൈവിടില്ല, ആർസിസിയിൽ ചികിത്സ ഉറപ്പുവരുത്തും; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു: മന്ത്രി



തിരുനന്തപുരം > പിഞ്ചു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം. അടൂര്‍ സ്വദേശി അനസാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്. അനസിന്റെ വലിയ മനസിനെ അഭിനന്ദിച്ച് മന്ത്രി കെ.കെ ശൈലജ ടീച്ചറും രംഗത്തെത്തി. അനസിന്റെ നടപടിയെ അഭിനന്ദിച്ചതിനൊപ്പം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുടെ വാക്കുകള്‍ ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക. എന്നാല്‍. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണില്‍ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങുന്ന അനസിനോട് അത് അരുതെന്നഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആ പണം മകന്റെ ചികിത്സയ്ക്കായി തന്നെ ഉപയോഗിക്കണമെന്നായിരുന്നു ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചത്. "ഇതെഴുതിയ അനസിനെ പരിചയമുള്ള വല്ലവരുമുണ്ടെങ്കില്‍ അദ്ദേഹത്തേയും കുടുംബത്തേയും പ്രത്യേകിച്ചും ആര്‍.സി.സിയില്‍ ചികിത്സ ആവശ്യമുള്ള മകനേയും ചേര്‍ത്ത് പുണരണം. എന്നിട്ട് സ്‌നേഹത്തോടെ, അതീവ കരുതലോടെ ഈ ലോകത്തിന്റെ നന്ദി അവരോട് പറയണം. എന്നിട്ടതേ കരുതലോടെ, ദയവായി ആ പണം ആ മകന്റെ ചികിത്സക്ക് തന്നെ ഉപയോഗിക്കാന്‍ പറയണം. നിങ്ങള്‍ തരാനുദ്യേശിക്കുന്ന പണത്തേക്കാള്‍ വലിയ നിക്ഷേപമാണ്, നിധിയാണ്, ഇതേ മനസോടെ നിങ്ങള്‍ വളര്‍ത്തുന്ന മക്കള്‍ എന്ന് അദ്ദേഹത്തോടും കുടുംബത്തോടും പറയൂ. ആ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ കൊച്ചിക്കാരന്‍ നൗഷാദിന്റെയും മധ്യപ്രദേശുകാരന്‍ വിഷ്ണുവിന്റെയും അതു പോലെ സ്വാര്‍ത്ഥതകളില്ലാതെ ലോകത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടേയും എണ്ണം കൂടും. നിങ്ങളുടെ മകന്റെ ആരോഗ്യം ഒരു സമൂഹത്തിന്റെ ആരോഗ്യമാണ്, ചികിത്സ പൂര്‍ത്തിയാക്കി മിടുക്കനായി വരട്ടെ. അതിജീവിച്ച കേരളത്തിന്റെ തുടര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ അയാള്‍ക്കുമുണ്ടാകും വലിയ റോള്‍”- എന്നായിരുന്നു ശ്രീജിത് ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ”ആ മനുഷ്യന്റെ ഈ വലിയ മനസ്സ് തന്നെ മതി ഏതു വലിയ ദുരന്തത്തെയും അതിജീവിക്കാന്‍, മനുഷ്യര്‍ക്ക് ഊര്‍ജ്ജം പകരാന്‍,” എന്നാണ് ദിവ്യ അടിയോടി എന്ന പ്രൊഫൈല്‍ പറയുന്നത്.   Read on deshabhimani.com

Related News