മരിച്ചിട്ടും കെ കെ രാമചന്ദ്രന്‌ കോൺഗ്രസിന്റെ അവഗണന; ആരോപണവുമായി സഹോദരൻ



കൽപ്പറ്റ > മരിച്ചിട്ടും മുൻ മന്ത്രി കെ കെ രാമചന്ദ്രനെ അവഗണിച്ചതിൽ കോൺഗ്രസിൽ  അമർഷം. വയനാട്‌ ഡിസിസിക്കെതിരെ രാമചന്ദ്രന്റെ സഹോദരനും  കെപിസിസി അംഗവുമായ കെ കെ വിശ്വനാഥൻ പരസ്യമായി രംഗത്തെത്തി. സംസ്‌കാരം നടക്കുമ്പോൾ  കോഴിക്കോട്ട്‌‌ ഉണ്ടായിട്ടും ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ സംസ്‌കാര ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥൻ കുറ്റപ്പെടുത്തി. വയനാട്ടിൽ കോൺഗ്രസ്‌ പാർടി കെട്ടിപ്പടുത്ത രാമചന്ദ്രൻ മരിച്ചപ്പോൾ ഡിസിസിക്കുവേണ്ടി റീത്തുപോലും സമർപ്പിച്ചില്ല. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാവിലെ തലകാണിച്ച്‌ പോയി. എംഎൽഎ എന്നനിലയിൽ റീത്ത്‌ വച്ചു. അത്‌ ഇടതുപക്ഷ എംഎൽഎമാരായ സി കെ ശശീന്ദ്രനും എ പ്രദീപ്‌കുമാറുമെല്ലാം വച്ചിട്ടുണ്ട്‌. സി കെ ശശീന്ദ്രൻ സംസ്‌കാര ചടങ്ങിൽ പൂർണമായി പങ്കെടുത്തു. സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയും റീത്ത്‌ വച്ചു. ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽനിന്ന്‌ തുടർച്ചയായി 27 വർഷം എംഎൽഎയും രണ്ടു‌ തവണ മന്ത്രിയുമായ രാമചന്ദ്രൻ ഏഴിന്‌‌ പുലർച്ചെ കോഴിക്കോട്ടായിരുന്നു മരിച്ചത്‌. സംസ്‌കാരവും കോഴിക്കോട്ടു ‌തന്നെയായിരുന്നു. അനുസ്‌മരണ പരിപാടിയും ഡിസിസി നേതൃത്വം  സംഘടിപ്പിച്ചില്ലെന്ന് വിശ്വനാഥൻ പറഞ്ഞു. ഏഴിന്‌‌ കോഴിക്കോട്‌ കെപിസിസിയുടെ ഉത്തരമേഖലാ നേതൃസംഗമത്തിനെത്തിയ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ച്‌ മടങ്ങുകയായിരുന്നു. ഐ സി ബാലകൃഷ്‌ണനും നേതൃസംഗമത്തിൽ പങ്കെടുക്കാനാണ്‌ കോഴിക്കോട്‌ പോയത്‌. പോകുംവഴി അന്ത്യാഞ്ജലി അർപ്പിച്ചെന്ന്‌ വരുത്തുകയാണുണ്ടായതെന്നും നേതാക്കളിൽ ചിലർ പറഞ്ഞു. ആദരസൂചകമായി നേതൃസംഗമം മാറ്റിവയ്‌ക്കാനും കെപിസിസി തയ്യാറായില്ല. Read on deshabhimani.com

Related News