റീച്ചാർജായി പന്തലാടിക്കുന്ന്

വയനാട്‌ കണിയാമ്പറ്റ പന്തലാടിക്കുന്ന്‌ കോളനിയിൽ കെ ഫോൺ ഇന്റനെറ്റ്‌ കണക്ഷനുപയോഗിച്ച് മൊബൈലിൽ 
വീഡിയോ കാണിച്ചുകൊടുക്കുന്ന 
മഞ്‌ജു ഫോട്ടോ: എം എ ശിവപ്രസാദ്‌


കൽപ്പറ്റ ഫോൺ റീച്ചാർജ്‌ ചെയ്യാൻ മക്കളിപ്പോൾ പഴയപോലെ കാശ്‌ ചോദിക്കാത്തതെന്താണെന്ന്‌ ചന്ദ്രന്‌ ആദ്യം പിടികിട്ടിയില്ല. പ്ലസ്‌ വണ്ണിൽ പഠിക്കുന്ന ഉണ്ണിക്കും പതിനേഴുകാരൻ സച്ചുവിനും ഇന്റർനെറ്റിന്‌ വേണ്ടി ഇപ്പോൾ അച്ഛന്റെ കാശ്‌ കളയേണ്ടതില്ല. സൗജന്യ ഇന്റർനെറ്റ്‌ ഇഷ്ടംപോലെ കിട്ടുന്നുണ്ട്‌. പക്ഷേ ഈ വിവരം അൽപ്പം വൈകിയാണ്‌ ഇരുവരും അച്ഛനെ അറിയിച്ചത്‌. അറിയാൻ വൈകിയെങ്കിലും അധികച്ചെലവ്‌ ഒഴിഞ്ഞതിൽ ചന്ദ്രനും ഹാപ്പി. വയനാട്‌ കണിയാമ്പറ്റ പന്തലാടിക്കുന്ന്‌ കോളനിയിലാണ്‌ ഈ കുടുംബം. കോളനിയും പരിസരവും കെ ഫോൺ നെറ്റ്‌വർക്കിൽ കണക്ടഡാണ്‌. 100 എംബിപിഎസ്‌ സ്‌പീഡുണ്ട്‌. കോളനിയിലെ  വെള്ളയും, പാറ്റയും, ചെക്കനുമെല്ലാം കെ -ഫോൺ ഉപയോക്താക്കൾ. നാരായണന്റെ മകൾ മഞ്ജു ഇവരെയെല്ലാം ഫോണിൽ വൈ -ഫൈ കണക്ട്‌ ചെയ്യാൻ പഠിപ്പിക്കുന്ന തിരക്കിലാണ്‌. തിങ്കളാഴ്‌ച മുഖ്യമന്ത്രി കെ ഫോൺ നാടിന് സമർപ്പിക്കുമ്പോൾ പന്തലാടിക്കുന്ന് കോളനിക്കാരുമായും സംവദിക്കും. അതിനാണ്‌ കാത്തിരിപ്പ്‌. പണിയ വിഭാഗത്തിലുള്ള എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്‌. തൊട്ടടുത്ത്‌ നിരവധി മറ്റുകുടുംബങ്ങളുമുണ്ട്‌. ഇവർക്കും സൗജന്യ കെ -ഫോൺ ഇന്റർനെറ്റ്‌ ലഭിക്കുന്നുണ്ട്‌. ആദിവാസി കോളനികളിലുൾപ്പെടെ കണക്ഷൻ നൽകിയാണ്‌ എല്ലാവർക്കും ഇന്റർനെറ്റ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ കുതിക്കുന്നത്‌. വയനാട്ടിൽ ആയിരത്തിലധികം കിലോമീറ്റർ കേബിൾ വലിച്ച്‌ കണക്ഷൻ നൽകി. സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഉൾപ്പെടെ എഴുനൂറോളം കേന്ദ്രങ്ങളിൽ കണക്ഷനായി. Read on deshabhimani.com

Related News