കെ ഡിസ്‌ക്‌; തൊഴിൽസന്നദ്ധതയും നൈപുണ്യവും മനസ്സിലാക്കാൻ ‘ഷീ കോച്ചസ്‌’



തിരുവനന്തപുരം> കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ ഡിസ്‌ക്‌) വഴി 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തവരുടെ തൊഴിൽസന്നദ്ധതയും നൈപുണ്യവും മനസ്സിലാക്കാൻ പഞ്ചായത്തുകളിൽ  ‘ഷീ കോച്ചസി’നെ നിയോഗിക്കും. ആദ്യഘട്ടത്തിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളിലെ ബിരുദധാരികളായ 1000 പേർക്ക്‌ കൗൺസലിങ്‌ പരിശീലനം നൽകി നിയോഗിക്കും.   സർവേ പൂർത്തിയാകുമ്പോൾ 50 ലക്ഷത്തിലേറെ തൊഴിലന്വേഷകരുണ്ടാകുമെന്നാണ്‌ നിഗമനം. ഇവർക്ക്‌ മുഴുവൻ കൗൺസലിങ്‌ നൽകാൻ രണ്ടാംഘട്ടമായി 4000 പേരെക്കൂടി നിയോഗിക്കുന്നതും  പരിഗണനയിലുണ്ടെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കെ ഡിസ്‌ക്‌ തൊഴിൽവകുപ്പുമായി സഹകരിച്ച്‌ നൽകുന്ന ഓൺലൈൻ കൗൺസലിങ്‌ ഗ്രാമപ്രദേശങ്ങളിൽ ഫലപ്രദമാകാത്തതിനാലാണ്‌ ‘ഷീ കോച്ചു’കൾ വീട്ടിലെത്തി നേരിട്ട്‌ കൗൺസലിങ്‌ നൽകുന്നത്‌. ഇവരെ ഭാവിയിൽ സ്ഥിരം കൗൺസലർമാരാക്കാനും ആലോചനയുണ്ട്‌. തദ്ദേശസ്ഥാപന പരിധിയിൽ തൊഴിലന്വേഷകർക്ക്‌ ആവശ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം കൗൺസലിങ്‌ നൽകാനുള്ള സ്ഥിരംസംവിധാനവും ഒരുക്കുന്നു. കൗൺസലിങ്‌ ഇങ്ങനെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സർവേയിൽ രജിസ്‌റ്റർ ചെയ്‌തവരിൽനിന്ന്‌ ശേഖരിച്ച വിവരങ്ങളെല്ലാം കെ ഡിസ്‌ക്‌ നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും. യോഗ്യത, പ്രായം, അഭിരുചി എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിക്കും. തൊഴിൽ നൈപുണ്യ പരിശീലനത്തിന്‌ തയ്യാറാകുമോ, ഏതെല്ലാം ജോലിക്കാണ്‌ സന്നദ്ധത, ജീവിക്കുന്ന പ്രദേശത്തിന്‌ പുറത്ത്‌ ജോലിക്ക്‌ തയ്യാറാകുമോ, ഗ്രൂപ്പ്‌ സംരംഭങ്ങളിൽ പങ്കാളിയാകാൻ സന്നദ്ധരാണോ, ഭാഷാപരിചയം എന്നിവയെല്ലാം ഷീ കോച്ചുകൾ കൗൺസലിങ്ങിലൂടെ മനസ്സിലാക്കും. ഓഫീസ്‌ ജോലി, പാർട്‌ ടൈം തൊഴിൽ, വർക്ക്‌ ഫ്രം ഹോം എന്നിങ്ങനെ മൂന്നുതലത്തിൽ കെ ഡിസ്‌ക്‌ സഹായം നൽകും. ഭാഷാ പരിശീലനവും നൽകും. Read on deshabhimani.com

Related News