‘വ്യാജ കള്ളുനിർമാണം യേശു വീഞ്ഞുണ്ടാക്കിയപോലെ’ ; നിയമസഭയിൽ കെ ബാബുവിന്റെ വിവാദപരാമർശം



തിരുവനന്തപുരം യേശു വീഞ്ഞുണ്ടാക്കിയതിനെ വ്യാജ കള്ളുനിർമാണവുമായി ബന്ധിപ്പിച്ച്‌ നിയമസഭയിൽ കോൺഗ്രസ്‌ എംഎൽഎ കെ ബാബുവിന്റെ പ്രസംഗം. കേരള കള്ളുവ്യവസായ വികസന ബോർഡ് ബിൽ ചർച്ചയ്‌ക്കിടെയായിരുന്നു  "കാനായിൽ പണ്ട്‌  യേശുദേവൻ വെള്ളം വീഞ്ഞാക്കിയതുപോലെയാണ്‌ ആളുകൾ കുറച്ച്‌ കള്ളിൽ സ്‌പരിറ്റും മായവും ചേർക്കുന്നതെന്ന' വിവാദ പരാമർശം. ബില്ലിനെ എതിർത്ത്‌ സംസാരിക്കുന്നതിനിടെ കേരളത്തിൽ വ്യാജ കള്ളുനിർമാണമുണ്ടെന്ന്‌ സമർഥിക്കാനാണ്‌ ബൈബിളും യേശുവും എടുത്തിട്ടത്‌. ഇതോടെ എൽഡിഎഫിലെ മാത്യു ടി തോമസ്‌ പരാമർശം രേഖകളിലുണ്ടാകരുതെന്ന്‌ ക്രമപ്രശ്‌നമായി ഉന്നയിച്ചു. ഭരണപക്ഷത്തെ മറ്റ്‌ എംഎൽഎമാരും പരാമർശത്തെ എതിർത്തു. യേശു വീഞ്ഞുണ്ടാക്കിയതിനെ വ്യാജ കള്ളുനിർമാണവുമായി താരതമ്യം ചെയ്യേണ്ടിയിരുന്നില്ലെന്നും ഇത്തരം പരാമർശം കെ ബാബുവിൽനിന്ന്‌ ഉണ്ടാകരുതായിരുന്നെന്നും ചർച്ചയ്‌ക്കുള്ള മറുപടിയിൽ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ വിശദീകരണവുമായി എഴുന്നേറ്റ ബാബു പരാമർശം പിൻവലിക്കാൻ തയ്യാറായില്ല. കാനായിലെ കല്യാണത്തിന്‌ യേശു വെള്ളം വീഞ്ഞാക്കിയതുപോലെ ഇപ്പോൾ നമ്മുടെ നാട്ടിലെ കള്ളുഷാപ്പിൽ വെള്ളം കള്ളാക്കുന്നെന്നാണ്‌ പറഞ്ഞത് എന്നായിരുന്നു വിശദീകരണം. ഇത്‌ വീണ്ടും ബഹളത്തിന് ഇടയാക്കി. ഇതിനിടെ പറഞ്ഞതിൽ ഉറച്ചുനിന്ന ബാബുവിനെ മന്ത്രി അഭിനന്ദിക്കുകയാണ്‌ വേണ്ടതെന്ന വാദവുമായി കോൺഗ്രസിലെതന്നെ കെ പി അനിൽകുമാർ രംഗത്തുവന്നതും കെ ബാബുവിനെ വെട്ടിലാക്കി. Read on deshabhimani.com

Related News