മലയാള സിനിമ സ്വാധീനിച്ചു: ജസ്‌റ്റിസ്‌ കെ ചന്ദ്രു



തലശേരി>  തോപ്പിൽ ഭാസിയുടെ തുലാഭാരം, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി സിനിമകൾ ആശയരൂപീകരണത്തിൽ സ്വാധീനിച്ചതായി ജസ്‌റ്റിസ്‌ കെ ചന്ദ്രു. സാമൂഹ്യ അസമത്വം എത്രമാത്രം ശക്തമാണെന്ന്‌ ഓർമിപ്പിച്ച സിനിമകളായിരുന്നു രണ്ടും. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ആ സിനിമകളിലൂടെ നേരിട്ടറിഞ്ഞു. ജെയ്‌ ഭീം സിനിമയിലൂടെ ലോകമറിഞ്ഞ ജസ്‌റ്റിസ്‌ കെ ചന്ദ്രു കണ്ണൂർ സർവകലാശാല ജാനകി അമ്മാൾ ക്യാമ്പസിലെ പ്രഭാഷണത്തിനിടെയാണ്‌ മലയാള സിനിമയുടെ സ്വാധീനം തുറന്നുപറഞ്ഞത്‌. എ കെ ഗോപാലനും മദ്രാസ് സംസ്ഥാനവും തമ്മിലുള്ള കേസും രാജൻ കേസും അദ്ദേഹം  പരാമർശിച്ചു. രാജൻ കേസിലെ ഹേബിയസ്‌ കോർപ്പസ്‌ ഹർജിയാണ്‌ ‘ജെയ്‌ ഭീമി’ൽ പരാമർശിക്കുന്ന കസ്റ്റഡി കൊലപാതക കേസിന്‌ പ്രചോദനമായതെന്ന്‌ ജസ്‌റ്റിസ്‌ ചന്ദ്രു പറഞ്ഞു. അടിയന്തരാവസ്ഥയിൽ അറസ്‌റ്റിലായ മാഹി എൻടിസി മില്ലിലെ തൊഴിലാളിയെ പിരിച്ചുവിട്ടതിനെതിരായ ഹരജിയിൽ മദ്രാസ്‌ ഹൈക്കോടതി തിരിച്ചെടുക്കാൻ ഉത്തരവിട്ടതും പരാമർശിച്ചു. സാമൂഹ്യനീതിക്കായുള്ള സന്ദേശം നൽകിയ സിനിമയാണ്‌ ജെയ്‌ ഭീം. പൊലീസിനെ ഒരുവിധത്തിലും ന്യായീകരിച്ചിട്ടില്ല. ലോക്കപ്പ്‌ മർദന ദൃശ്യങ്ങൾ പലതും സെൻസർ ചെയ്‌തു നീക്കിയതാണ്‌. സ്വമേധയ ശിക്ഷ വിധിക്കാൻ കോടതിയോ ന്യായാധിപരോ അല്ല പൊലീസ്‌.  ജസ്‌റ്റിസ്‌ ചന്ദ്രു പറഞ്ഞു. Read on deshabhimani.com

Related News