ഭരണഘടനാമൂല്യം സംരക്ഷിക്കാൻ ലക്ഷ്‌മണരേഖ മറികടക്കേണ്ടി വരും: ജസ്‌റ്റിസ്‌ ബി വി നാഗരത്ന



കൊച്ചി> ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ ചില സന്ദർഭങ്ങളിൽ ജുഡീഷ്യറിക്ക്‌ ലക്ഷ്‌‌മണരേഖ മറികടക്കേണ്ടി വരുമെന്ന്‌ സുപ്രീംകോടതി ജഡ്‌‌ജി ജസ്‌റ്റിസ്‌ ബി വി നാഗരത്ന. ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള ഫെഡറേഷൻ ഓഫ്‌ വിമൻ ലോയേഴ്‌സ്‌ സംഘടിപ്പിച്ച ജസ്‌റ്റിസ്‌ കെ കെ ഉഷ അനുസ്‌മരണച്ചടങ്ങിൽ "ഭരണഘടനയുടെ പരിവർത്തനാത്മകത' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അടിസ്ഥാനശിലയിൽ മാറ്റംവരുത്താതെ ഇന്ത്യൻ ഭരണഘടന കാലോചിതമായ മാറ്റങ്ങൾക്ക്‌ വിധേയമാകണം. ഈ ഘട്ടത്തിൽ മൗലികാവകാശങ്ങളും പാർലമെന്ററി ജനാധിപത്യവും സാമൂഹികമായ ഘടകങ്ങളും കണക്കിലെടുക്കണം. വരുംതലമുറകൾക്കുകൂടി  പ്രയോജനപ്പെടേണ്ടതായതിനാല്‍ ഭരണഘടന നിത്യഹരിതമായി നിലനിൽക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ജസ്‌റ്റിസ്‌ അനു ശിവരാമൻ ജസ്‌റ്റിസ്‌ കെ കെ ഉഷയെ അനുസ്‌മരിച്ചു. ഫെഡറേഷൻ ഓഫ് വിമൺ ലോയേഴ്സ് പ്രസിഡന്റ് അഡ്വ. പി കെ ശാന്തമ്മ, സെക്രട്ടറി അഡ്വ. ജിസ സൂസൻ തോമസ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ. ടി നവീൻ, അഡ്വ. കാർത്തിക സുകുമാരൻ എന്നിവർ സംസാരിച്ചു. മികച്ച യുവ വനിതാ അഭിഭാഷകർക്കുള്ള എൻഡോവ്മെന്റുകൾ ജസ്‌റ്റിസ്‌ നാഗരത്ന വിതരണം ചെയ്‌തു‌‌. Read on deshabhimani.com

Related News