ബിഷപ്‌ പാംപ്ലാനിയുടെ പ്രസംഗം ചരിത്രനിഷേധം



കണ്ണൂർ > രക്തസാക്ഷികളെ അപമാനിക്കുംവിധമുള്ള തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ചരിത്രനിഷേധം. രാജ്യത്തിന്റെ ചരിത്രം തിരുത്തി കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നിലപാടുകളുടെ മറുപുറമാണ്‌ പ്രസംഗത്തിൽ തെളിയുന്നത്‌. അനാവശ്യമായി കലഹിക്കാൻ പോയപ്പോൾ വെടിയേറ്റ് മരിച്ചവരും പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന്‌ വീണുമരിച്ചവരുമാണ്‌ രാഷ്ട്രീയരക്തസാക്ഷികളെന്നാണ് ചെറുപുഴയിൽ നടന്ന യുവജനദിനാഘോഷ പരിപാടിയിൽ മാർ പാംപ്ലാനി പറഞ്ഞത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കർഷകപ്രക്ഷോഭങ്ങളുടെയും ചരിത്രമറിയുന്നവർക്ക്‌ ഇങ്ങനെ പറയാനാവില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച ഭഗത്‌സിങ്‌ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് രാഷ്ട്രീയരക്തസാക്ഷികളുടെ രാജ്യമാണ്‌ ഇന്ത്യ. ഹിന്ദുവർഗീയവാദിയുടെ വെടിയേറ്റാണ് രാഷ്ട്രപിതാവ് രക്തസാക്ഷിയായത്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഐതിഹാസിക പോരാട്ടത്തിലാണ് പുന്നപ്രയിലും വയലാറിലും കയ്യൂരിലും കരിവെള്ളൂരിലുമെല്ലാം രക്തസാക്ഷികളുണ്ടായത്‌. ഇത്തരം രക്തസാക്ഷിത്വത്തിലൂടെയാണ് ജനാധിപത്യ, മതേതര ഇന്ത്യ രൂപപ്പെട്ടത്. അപ്പോസ്തലന്മാർ മാത്രമാണ്‌ രക്തസാക്ഷികളെന്ന്‌ മാർ പാംപ്ലാനി പറയുന്നു. എന്നാൽ, യേശുക്രിസ്തുപോലും ഒരു ജനതയ്ക്കുവേണ്ടി കുരിശ്ശിലേറിയ രാഷ്ട്രീയരക്തസാക്ഷിയാണ്. സ്നാപകയോഹന്നാനും പത്രോസ് ശ്ലീഹയും പൗലോസ് ശ്ലീഹയും ദേവസഹായംപിള്ളയുമെല്ലാം  രാഷ്ട്രീയരക്തസാക്ഷികളാണ്‌. ഇതിനെതിരെ പറയുന്നത്‌ കത്തോലിക്കാസഭയുടെ രക്തസാക്ഷി സങ്കൽപ്പത്തിന്റെതന്നെ നിഷേധമാണ്. സംഘപരിവാർ ചുട്ടുകൊന്ന ഫാദർ ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും രക്തസാക്ഷിത്വവും  രാഷ്ട്രീയരക്തസാക്ഷിത്വമാണ്‌. ആർച്ച്‌ ബിഷപ് പ്രസംഗിച്ച ചെറുപുഴ പള്ളിക്ക് തൊട്ടടുത്തുവച്ചാണ് 1977ൽ തങ്കച്ചൻ എന്ന സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ആ രക്തസാക്ഷിയെ മാത്രമല്ല യു വി ജോസ്, ജോബി ആൻഡ്രൂസ് തുടങ്ങി നിരവധി രക്തസാക്ഷികളെയും അപമാനിക്കുന്നത്‌ ക്രൂരതയാണ്‌. സംഘപരിവാറുകാരാൽ രാജ്യത്തുടനീളം നൂറുകണക്കിന് ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. അവരെല്ലാമാണ്‌ വിവാദ പ്രസംഗത്തിലൂടെ അപമാനിക്കപ്പെട്ടത്. രാജ്യമെങ്ങും ന്യൂനപക്ഷങ്ങളെ സംഘപരിവാർ വേട്ടയാടുമ്പോൾ അതിനപവാദം  കേരളംമാത്രമാണെന്നും കാണണം. Read on deshabhimani.com

Related News