അന്ത്യം കാണാനാഗ്രഹിച്ചവരുടെ ഗൂഢാലോചന: ജോസ്‌ കെ മാണി



രാഷ്‌ട്രീയ വഞ്ചന കാട്ടിയത്‌ യുഡിഎഫാണെന്നും കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസിന്റെ അന്ത്യം കാണാനാഗ്രഹിച്ചവരുടെ ഗുഢാലോചനയാണ്‌ പുറത്തായതെന്നും ജോസ്‌ കെ മാണി കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇല്ലാത്ത ധാരണയുടെ പേരിൽ പുറത്താക്കിയതും പി ജെ ജോസഫ്‌ പ്രശ്‌നത്തിൽ നിരവധി പരാതിനൽകിയിട്ടും പരിഗണിക്കാത്തതുമാണ്‌ രാഷ്‌ട്രീയവഞ്ചന. കെ എം മാണിയുടെ രോഗവിവരം പുറത്തുവന്നതുമുതൽ പാർടിയെ ഹൈജാക്ക്‌ ‌ചെയ്യാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമത്തിന്‌ പിന്തുണനൽകിയവർ വഞ്ചിച്ചെന്ന്‌ പറയുന്നത്‌ അധാർമികമാണ്‌. നാല്‌ പതിറ്റാണ്ട്‌ യുഡിഎഫിനെ കാത്തുസൂക്ഷിച്ച പാർടിയെ രണ്ടുമാസത്തെ ജില്ലാ ഞപഞ്ചായത്ത്‌ പദവിക്കുവേണ്ടി പുറത്താക്കിയതാണ്‌ വഞ്ചന. പാലാ തെരഞ്ഞെടുപ്പ്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ പരാതികളിൽ തീർപ്പുണ്ടായില്ല. മുന്നണിമര്യാദ എല്ലാവർക്കുമില്ല. തകർക്കാൻ ശ്രമിച്ചവർക്ക്‌ പാർടിയുടെ പൈതൃകം ചാർത്തുന്നതുവഴി‌ കേരള കോൺഗ്രസിന്റെയും കെ എം മാണിയുടേയും ആത്മാവിനെയാണ്‌ നോവിക്കുന്നതെന്നും ജോസ്‌ കെ മാണി പറഞ്ഞു. ജോസ് വഞ്ചിച്ചു: ചെന്നിത്തല മാറ്റിനിർത്തിയതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാത്ത ജോസ്‌ കെ മാണി യുഡിഎഫിനോട്‌ വിശ്വാസവഞ്ചന കാട്ടിയെന്നും പിന്നിൽനിന്ന്‌ കുത്തിയെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. പരസ്പര ബഹുമാനവും അച്ചടക്കവും പാലിക്കാത്ത ജോസ്‌ വിഭാഗത്തെ യുഡിഎഫ്‌ യോഗത്തിൽനിന്ന്‌ മാറ്റിനിർത്താനുള്ള തീരുമാനം തുടരുമെന്ന്‌ ചെന്നിത്തല‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസിനെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയെന്നു പറയാൻ ധൈര്യമില്ലേ എന്ന ചോദ്യത്തിന്‌ തനിക്ക്‌ അത്ര ധൈര്യമില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.  നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചവറയിൽ ഷിബു ബേബിജോണും കുട്ടനാട്ടിൽ ജേക്കബ് എബ്രഹാമും യുഡിഎഫ്‌ സ്ഥാനാർഥികളാകുമെന്ന്‌ ചെന്നിത്തല അറിയിച്ചു.   Read on deshabhimani.com

Related News