കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ ആസിയാന്‍ രാജ്യങ്ങള്‍ക്കും ബാധകമാക്കണം: ജോൺ ബ്രിട്ടാസ് എം പി



ന്യൂഡൽഹി> കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള ബജറ്റ് നിര്‍ദ്ദേശം ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കാത്തത് പിഴവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ജോണ്‍ ബ്രിട്ടാസ് കത്തയച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബ്ബറിന്റെ 55 ശതമാനവും വരുന്നത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നതിനാല്‍ നികുതി കൂട്ടാനുള്ള ബജറ്റ് നിര്‍ദ്ദേശം ഇവിടങ്ങളില്‍ നടപ്പാക്കാനാകില്ല. പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെയാണ് ആസിയാന്‍ കരാര്‍ പ്രകാരമുള്ള കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ. നികുതി കൂട്ടാന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. അതിനായുള്ള ചര്‍ച്ചകള്‍ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ നടത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളം പോലുള്ള റബര്‍ ഉല്പാദക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയത് വലിയ ആശ്വാസമൊന്നും നല്‍കുന്നില്ല. കോമ്പൗണ്ട് റബ്ബറിനൊപ്പം സ്വാഭാവിക റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയും കേരളത്തിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍, കോമ്പൗണ്ട് റബറിന്റെ കാര്യത്തിലെങ്കിലും നികുതി കൂട്ടിയ തീരുമാനം എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. കോമ്പൗണ്ട് റബറിന്റെ നികുതി പത്തില്‍ നിന്ന് 25 ശതമാനമാക്കി കൂട്ടാനാണ് ബജറ്റ് തീരുമാനിച്ചത്. അങ്ങനെ നികുതി ഈടാക്കുമ്പോള്‍ തന്നെ, കിലോക്ക് പരമാവധി തുക 30 രൂപയായി നിജപ്പെടുത്തിയിരുന്നു. കര്‍ഷകരുടെ താല്പര്യം പരിഗണിച്ച് 30 രൂപയെന്ന പരിധി എടുത്തു കളയണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News