ജോഡോ യാത്രയുടെ ഫണ്ട്‌ നേതാക്കൾ വെട്ടിച്ചു ; പ്രതാപചന്ദ്രന്റെ മകൻ പ്രജിത്തിന്റെ മൊഴി



തിരുവനന്തപുരം ഭാരത്‌ ജോഡോ യാത്രയുടെ പേരിൽ കെപിസിസിയുടെ അക്കൗണ്ടിൽ വന്ന പണം  അന്ന്‌ ട്രഷററായിരുന്ന  പ്രതാപചന്ദ്രനെ അറിയിക്കാതെ പിൻവലിച്ചിരുന്നതായി  മകൻ പ്രജിത്ത്‌ അന്വേഷണ സംഘത്തിന്‌   മൊഴി നൽകി.  ഇതുമായി ബന്ധപ്പെട്ട രേഖകളും പ്രജിത്ത്‌ പൊലീസിന്‌ കൈമാറി. അഞ്ച്‌ ലക്ഷം രൂപയാണ്‌  പ്രതാപചന്ദ്രന്റെ അറിവില്ലാതെ പിൻവലിച്ചത്‌. കോൺഗ്രസ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്നവരാണ്‌ ഇതിന്‌ പിന്നിൽ. ഇത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ തർക്കങ്ങൾ തുടങ്ങിയതെന്നും ഇത്‌ തന്റെ പിതാവിനെ മാനസികമായി വിഷമിപ്പിച്ചിരുന്നെന്നും പ്രജിത്തിന്റെ മൊഴിയിൽ പറയുന്നു. പ്രതാപചന്ദ്രനെ അപമാനിച്ച്‌ പ്രചാരണം നടത്തിയവർ ആരൊക്കെയെന്നും അതിന്റെ തെളിവും പൊലീസിന്‌ കൈമാറി. നാലു മണിക്കൂർ നീണ്ട മൊഴിയിൽ കെപിസിസിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഫണ്ട്‌ശേഖരണങ്ങളിൽ പ്രതാപചന്ദ്രൻ സ്വീകരിച്ച  നിലപാടുകളും മകൻ വിശദീകരിച്ചു. കെ സുധാകരൻ അടക്കം ആര്‌ പണം കൈപ്പറ്റിയാലും കൃത്യമായി വൗച്ചർ ഒപ്പിട്ട്‌ വാങ്ങി കണക്ക്‌ രേഖപ്പെടുത്തിയിരുന്നു. പ്രതാപചന്ദ്രന്റെ മൊബൈൽ പൊലീസിന്‌ കൈമാറും. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും നൽകും. ജർമനിയിലുള്ള മകൾ പ്രീതിയുമായും അന്വേഷണച്ചുമതലയുള്ള എസിപി പൃഥ്വിരാജ്‌ സംസാരിക്കും.  അതേസമയം, പ്രതാപചന്ദ്രന്റെ മരണത്തിൽ കെപിസിസി ഏർപ്പെടുത്തിയ അന്വേഷണ കമീഷനിൽ  വിശ്വാസമില്ലെന്ന്‌ പ്രജിത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കെപിസിസി ട്രഷററുടെ മകനാണെന്ന പരിഗണനപോലും തനിക്ക്‌ നേതാക്കൾ നൽകിയിട്ടില്ല. തന്നെ വെല്ലുവിളിച്ച്‌ പറഞ്ഞയക്കുകയാണ്‌ കെ സുധാകരൻ ചെയ്തത്‌. അങ്ങനെയുള്ളവരിൽനിന്ന്‌ നീതികിട്ടുമെന്ന്‌ പ്രതീക്ഷയില്ല.  മുഖ്യമന്ത്രിക്ക്‌ കൊടുത്ത പരാതിയിൽനിന്ന്‌ ഇനി പിന്മാറില്ല. ഒരു പ്രാവശ്യം പിന്മാറിയതിന്റെ ദുരനുഭവമാണ്‌ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രജിത്‌ പറഞ്ഞു. പ്രതാപചന്ദ്രന്റെ മരണം കെപിസിസി ഓഫീസിലെ ചിലർ നടത്തിയ കുപ്രചാരണങ്ങൾ മൂലമുണ്ടായ മാനസികാഘാതം മൂലമാണെന്ന്‌ പ്രജിത്തും സഹോദരി പ്രീതിയും മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തിരുവനന്തപുരം സിറ്റി പൊലീസ്‌ കേസ്‌ അന്വേഷിക്കുന്നത്‌. Read on deshabhimani.com

Related News