കണ്ണൂർ വിമാനത്താവളത്തിന്റെ പേരിൽ വീണ്ടും ജോലി തട്ടിപ്പ്‌; അഭിമുഖം നടത്തി പണം തട്ടുന്നു



കണ്ണൂർ> കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീണ്ടും തട്ടിപ്പ്‌. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച്‌ വീഡിയോ കോളിലൂടെ അഭിമുഖം നടത്തി പണം തട്ടുന്നതാണ്‌ പുതിയരീതി. അഭിമുഖത്തിനുശേഷം, ജോലിക്ക്‌ തെരഞ്ഞെടുത്തതായി മെയിൽ അയച്ച്‌ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ ആവശ്യപ്പെട്ടാണ്‌ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നത്‌.     മുമ്പ്‌ കണ്ണൂർ വിമാനത്താവള കമ്പനിയിലെ വിവിധ തസ്‌തികകളിൽ നിയമനമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയിരുന്നു. അതിനെതിരെ അധികൃതർ ജാഗ്രതാ നിർദേശം പ്രസിദ്ധീകരിച്ചു. വിവിധ വ്യോമയാന കമ്പനികളുടെയും എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെയും ഒഴിവുകളിലേക്കുള്ള നിയമനമെന്നു പറഞ്ഞാണ്‌ ഇപ്പോഴത്തെ തട്ടിപ്പ്‌. എയർ സർവീസുകളുടെ പേരുമായി സാമ്യമുള്ള ഇ-മെയിൽ ഐഡിയാണ്‌ തട്ടിപ്പുസംഘം ഉപയോഗിക്കുന്നത്‌.     രാജ്യത്തെ മുൻനിര എയർ സർവീസ്‌ കമ്പനികളിൽ ജോലി ലഭിക്കുമെന്ന തെറ്റിദ്ധാരണയിലാണ്‌ ഉദ്യോഗാർഥികൾ കെണിയിൽ വീഴുന്നത്‌. കഴിഞ്ഞ ദിവസം എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ അസിസ്‌റ്റന്റ്‌ മാനേജരുടെ പേരിൽ നിയമന ഉത്തരവ്‌ നൽകി പലരോടും പണം ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ലഭിച്ചതായുള്ള ഇ-മെയിലിൽ പരിശീലനം കൊച്ചിയിലാണെന്നും സൂചിപ്പിച്ചിരുന്നു. 6,830 രൂപയാണ്‌ സെക്യൂരിറ്റി തുകയായി  ആവശ്യപ്പെട്ടത്‌. പലരും പണമയക്കുകയും ചെയ്‌തു. വിമാനത്താവള അധികൃതരുമായും എയർലൈൻസ്‌ കമ്പനിയുമായും ബന്ധപ്പെട്ടപ്പോഴാണ്‌  ഉദ്യോഗാർഥികൾക്ക്‌ വഞ്ചന മനസ്സിലായത്‌. Read on deshabhimani.com

Related News