തലസ്ഥാനത്ത്‌ സമരം 
കൊച്ചിയിൽ അനധികൃത നിയമനം ; ജെബിയുടെ കള്ളക്കളിയും പുറത്ത്



കൊച്ചി തിരുവനന്തപുരം കോർപറേഷനിൽ അനധികൃത നിയമനങ്ങളെന്ന്‌ ആരോപിച്ച്‌ സമരം നടത്തിയ മഹിളാ കോൺഗ്രസ്‌ നേതാവ്‌ ജെബി മേത്തർ എംപിയും വ്യാപക അനധികൃത നിയമനങ്ങൾക്ക്‌ കൂട്ടുനിന്നതായി കണ്ടെത്തൽ. എംപി ഡയറക്ടറായ എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ  248 അനധികൃത നിയമനങ്ങൾ നടത്തിയതായാണ്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌. ആശുപത്രി ഭരണസമിതിയായ കൊച്ചിൻ കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ സൊസൈറ്റിയുടെ 2020–-21ലെ സഹകരണവകുപ്പ്‌ ഓഡിറ്റിലാണ്‌ ഈ ക്രമക്കേടുകൾ  കൈയോടെ പിടിച്ചത്‌. നിയമനത്തിലും കണക്ക്‌ സൂക്ഷിക്കുന്നതിലും പാട്ടക്കരാർ വ്യവസ്ഥ പാലിക്കുന്നതിലും സൊസൈറ്റി തുടർച്ചയായി ഗുരുതരവീഴ്‌ച വരുത്തുന്നതിനാൽ പ്രത്യേക അന്വേഷണം വേണമെന്നും സഹകരണസംഘം കണയന്നൂർ താലൂക്ക്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർക്ക്‌ സമർപ്പിച്ച ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. കോൺഗ്രസ്‌ നേതാവ്‌ അജയ്‌ തറയിൽ പ്രസിഡന്റായ സൊസൈറ്റിയിൽ തുടർച്ചയായി രണ്ടുതവണ ജെബി മേത്തർ  ഡയറക്ടർ ബോർഡ്‌ അംഗമാണ്‌.  ക്ലാസ്‌ മൂന്ന്‌ വിഭാഗത്തിൽപ്പെടുന്ന സംഘത്തിന്‌ സഹകരണനിയമപ്രകാരം അനുവദിച്ചിട്ടില്ലാത്ത തസ്‌തികകളിലും പരമാവധി തസ്‌തികകളേക്കാൾ അധികവും നിയമിച്ചിട്ടുണ്ട്‌. അനുമതിയില്ലാതെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി നഴ്‌സിങ്‌ സൂപ്രണ്ട്‌ തസ്‌തികകളിലേക്ക്‌ കരാർ നിയമനം നടത്താൻ തീരുമാനിച്ചതായി മിനിട്‌സിൽ എഴുതിവച്ചു. അക്കൗണ്ടന്റ്‌, കംപ്യൂട്ടർ ഓപ്പറേറ്റർ, ടെലിഫോൺ ഓപ്പറേറ്റർ, റിസപ്‌ഷനിസ്‌റ്റ്‌, ഫാർമസി അസിസ്‌റ്റന്റ്‌, ഹോസ്‌പിറ്റൽ അസിസ്‌റ്റന്റ്‌, സ്വീപ്പർ തസ്‌തികകളിലാണ്‌ സർക്കാർ, സഹകരണവകുപ്പുകളിൽനിന്ന്‌ വിരമിച്ചവരെ സഹകരണനിയമ, ചട്ടപ്രകാരം അനുവദനീയമല്ലാതെയും സഹകരണസംഘം രജിസ്‌ട്രാറുടെ അനുമതിയില്ലാതെയും നിയമിച്ചതായി കണ്ടെത്തിയത്‌. സർക്കാർ നിശ്‌ചയിച്ചതിൽ കൂടുതലായി ഡോക്ടർമാർക്ക്‌ ശമ്പളം അനുവദിച്ചതിലും ക്രമക്കേടുണ്ട്‌. ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‌ സർക്കാരുമായുള്ള പാട്ടക്കരാർ വ്യവസ്ഥ ലംഘിച്ചതിന്‌ നികുതികുടിശ്ശികയും പലിശയും ഉൾപ്പെടെ 13,72,49,038 രൂപ അടയ്‌ക്കണം. നിയമാവലിയുടെ പകർപ്പ്‌ ആവശ്യപ്പെട്ടിട്ടും സൊസൈറ്റി നൽകിയിട്ടില്ലെന്നും റിപ്പോർട് കുറ്റപ്പെടുത്തുന്നു.   Read on deshabhimani.com

Related News