മാധ്യമപ്രവര്‍ത്തകരുടെ ക്രിക്കറ്റ് പൂരം തൊടുപുഴയില്‍; ജെസിഎല്‍ 20, 21തീയതികളിൽ

ജെസിഎല്‍ ലോ​ഗോ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ചേർന്ന് പ്രകാശിപ്പിക്കുന്നു


തൊടുപുഴ > കേരള പത്രപ്രവർത്തക യൂണിയൻസംസ്ഥാന കമ്മിറ്റി (കെയുഡബ്ല്യുജെ) സംഘടിപ്പിക്കുന്ന പ്രഥമ ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് -2022(ജെസിഎൽ) 20, 21 തീയതികളിൽ തൊടുപുഴയിൽ. ഇടുക്കി പ്രസ് ക്ലബ് ആതിഥേയത്വം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർകിരൺ ബാബുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെസിഎ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചാമ്പ്യന്മാർക്ക് ഒരുലക്ഷം രൂപയും അൽ-അസ്ഹർകപ്പുമാണ് സമ്മാനം. റണ്ണേഴ്‍സ് അപ്പിന് 50,000 രൂപയും ട്രോഫിയും. സമാപന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം വി വിനീതയും ആർ കിരൺ ബാബുവും ചേർന്ന് ലീ​ഗ് ലോ​ഗോ പ്രകാശിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ചാണ് ലീഗ്. 20-ന് രാവിലെ 8.30-ന് മത്സരങ്ങൾ ആരംഭിക്കും. ആകെ 16 ടീമുകൾ. ആദ്യദിനം ലീഗ് മത്സരങ്ങൾ. ഓരോ ടീം രണ്ടാംദിവസത്തെ സെമി യോഗ്യത നേടും. ഉച്ചയ്‍ക്ക് ശേഷം ഫൈനലും തുടർന്ന് സമാപന സമ്മേളനവും. എല്ലാ മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരമുണ്ട്. അന്തരിച്ച മാധ്യമ പ്രവർത്തകരായ സനിൽ ഫിലിപ്പ്, യു എച്ച് സിദ്ധിഖ്, എം എസ് സന്ദീപ്, സോളമൻ ജേക്കബ്, ജോമോൻ വി സേവ്യർ എന്നിവരുടെ മെമ്മോറിയൽ ട്രോഫിയും ഫെയർ പ്ലേ അവാർഡുമുണ്ട്. താരങ്ങൾക്കായി താമസവും ഭക്ഷണവും അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടുക്കി പ്രസ്സ് ക്ലബ് ഒരുക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസൺ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News