കേരളത്തിന്റെ വളർച്ച ബിജെപിക്ക് വിഘടനവാദം ; ജന്മഭൂമിയുടെ ‘കണ്ടുപിടിത്തം’



കണ്ണൂർ സംസ്ഥാനത്തിന്റെ ‘മെയ്‌ക്ക്‌ ഇൻ കേരള’ പദ്ധതി വിഘടനവാദമാണെന്ന വിചിത്രവാദവുമായി ബിജെപി പത്രം. കേരളത്തോട്‌ കേന്ദ്രം കാട്ടുന്ന കടുത്ത അവഗണന നാടെങ്ങും ചർച്ചയായതോടെയാണ്‌ മുഖപ്രസംഗത്തിലൂടെ ആക്ഷേപിച്ചത്‌. ഈ ആക്ഷേപത്തിലുമുണ്ട്‌ വൈരുദ്ധ്യം. ‘മെയ്‌ക്ക്‌ ഇൻ കേരള’ പദ്ധതികൾ ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’യുടെ പകർപ്പാണെന്നും പത്രം പറയുന്നു. കേരളത്തെ കേന്ദ്രസർക്കാർ എങ്ങനെയൊക്കെയാണ്‌ ഞെരിച്ചുകൊല്ലാൻ ശ്രമിക്കുന്നതെന്ന്‌ സംസ്ഥാന ബജറ്റ്‌ അവതരിപ്പിച്ചപ്പോഴും തുടർന്ന്‌ നടന്ന ചർച്ചകളിലും ധനമന്ത്രി കെ എൻ ബാലഗോപാൽ അക്കമിട്ട്‌  ചൂണ്ടിക്കാണിച്ചിരുന്നു. അതിലെ ജാള്യം മറയ്‌ക്കാനാണ്‌ സംസ്ഥാനത്തെ ക്ഷേമ–-വികസന പ്രവർത്തനങ്ങളെ  ആക്ഷേപിക്കുന്നത്‌.  ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’ പദ്ധതി കേരളത്തിലെത്തുമ്പോൾ ‘മെയ്‌ക്ക്‌ ഇൻ കേരള’ ആയി മാറുമെന്നാണ്‌ പത്രത്തിന്റെ ‘കണ്ടുപിടിത്തം’. അതിന്‌ ഉദാഹരണമായി പറയുന്നത്‌ വിഴിഞ്ഞവുമായി ബന്ധപ്പെട്ട പദ്ധതികളും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ അനുബന്ധ പദ്ധതികളൊന്നും കേന്ദ്ര പദ്ധതികളല്ല.  കെ–- ഫോൺ, കെ –- ഡിസ്‌ക്‌ തുടങ്ങി ഒട്ടനവധി പദ്ധതികളാണ്‌ കേരളത്തിന്റേതായുള്ളത്‌. വ്യവസായരംഗത്ത്‌ പുതുതായി ആരംഭിക്കുന്ന സ്‌റ്റാർട്ടപ്പുകളും മറ്റ്‌ സംരംഭങ്ങളും ‘മെയ്‌ക്ക്‌ ഇൻ കേരള’ ബ്രാൻഡിലൂടെ വിപണി കീഴടക്കുന്നതിനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇതിനെതിരെ സംഘപരിവാർ വാട്‌സാപ്‌ ഗ്രൂപ്പുകളിലും മറ്റും നടത്തുന്ന പ്രചാരണം ഏറ്റുപിടിക്കുകയാണ്‌ ബിജെപി പത്രം. കേരളത്തിന്റെ റെയിൽവികസനത്തിന്‌ കേന്ദ്രം അനുവദിച്ച തുകതന്നെ സിപിഐ എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും കുപ്രചാരണങ്ങളെ തുറന്നുകാട്ടുന്നുവെന്നാണ്‌ പത്രത്തിന്റെ പക്ഷം. റെയിൽവേ  വികസനത്തിനായി നീക്കിവച്ച 2.41 ലക്ഷം കോടിയിൽ 2,033 കോടി കേരളത്തിനെന്നാണ്‌ പറയുന്നത്‌. സംഘപരിവാർ അണികളെ തൃപ്തിപ്പെടുത്താമെങ്കിലും സാമാന്യബോധമുള്ളവർക്ക്‌ ദഹിക്കുന്നതല്ല ഈ കണക്ക്‌. 2,033 എന്നത്‌ 2.41 ലക്ഷത്തിന്റെ വെറും 0.84 ശതമാനംമാത്രം. ജനസംഖ്യാനുപാതികമായി വിഹിതം മൂന്ന്‌ ശതമാനമെങ്കിലും ആകേണ്ടിടത്താണ്‌ അതിന്റെ മൂന്നിലൊന്നുപോലും നൽകാത്തത്‌. നികുതിവിഹിതത്തിലും മറ്റും കേന്ദ്രം കേരളത്തോട്‌ കടുത്ത അവണനയാണ്‌ കാട്ടുന്നത്‌. ഇത്‌ മറികടക്കാൻ സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളെയാണ്‌ പത്രം ആക്ഷേപിക്കുന്നത്‌. Read on deshabhimani.com

Related News