ജനകീയ പ്രതിരോധ ജാഥക്ക്‌ കേരള സൈന്യത്തിന്റെ ബിഗ്‌ സല്യൂട്ട്‌

പ്രളയരക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ ചവറയിലെ സ്വീകരണകേന്ദ്രത്തിൽ 
ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദന്‌ വള്ളത്തിന്റെ ചെറുമാതൃക നൽകുന്നു ഫോട്ടോ: ജി പ്രമോദ്


കൊല്ലം കേരളത്തിന്റെ സൈന്യമെന്ന്‌ ഇവർക്കു പേരിട്ടത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. പ്രളയകാലത്ത്‌ ലോകം ശ്രദ്ധിച്ച  രക്ഷാപ്രവർത്തനത്തിന്‌ ജനനായകൻ ഹൃദയപൂർവം നൽകിയ മേൽവിലാസം. തീരദേശമനസ്സുകളിൽ ശുഭാപ്‌തി വിശ്വാസത്തിന്റെ തിരമാല ഉയർത്തിയ ആ വിളി അതിർവരമ്പുകൾ ഭേദിച്ച്‌ ഇപ്പോഴും മുഴങ്ങുന്നു. ഓർമകളുടെ കടലിരമ്പവുമായി ചവറയിലും കൊല്ലത്തും മത്സ്യത്തൊഴിലാളികൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക്‌ സ്വീകരണം നൽകി. ഒപ്പം തീരദേശജനതയുടെ മനസ്സറിഞ്ഞ്‌ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾക്ക്‌ നായകത്വം വഹിക്കുന്ന പ്രസ്ഥാനത്തിന് കേരളസൈന്യത്തിന്റെ ബിഗ്‌ സല്യൂട്ടും.  2018 ആഗസ്‌തിലെ പ്രളയനാളുകളിലാണ് കടൽമക്കളുടെ മനക്കരുത്ത്‌ കേരളം നേരിട്ടുകണ്ടത്.  പ്രതിഫലം ആഗ്രഹിച്ചായിരുന്നില്ല ഇവരുടെ പ്രയത്നം. സർക്കാർ എല്ലാം അറിഞ്ഞ്‌ ചെയ്‌തു. രക്ഷാപ്രവർത്തനത്തിനിടെ വള്ളവും എൻജിനും നഷ്ടപ്പെട്ടവർക്ക്‌ പുതിയത്‌ നൽകി. അവരുടെ കുടുംബത്തിന്‌ സർക്കാർ കാവലായി. കേരളത്തിന്റെ സൈന്യമെന്ന മേൽവിലാസത്തിൽ ഇപ്പോഴും അവർ തലയുയർത്തി നിൽക്കുന്നു.. ലോകത്തിന് മുമ്പിൽ. ജാഥ ഇന്ന്‌   രാവിലെ 10ന്‌ കുണ്ടറ, 11ന്‌ ചാത്തന്നൂർ , മൂന്നിന്‌ കടയ്‌ക്കൽ. തുടർന്ന്‌ പകൽ 3.30ന്‌  തിരുവനന്തപുരം ജില്ലാ അതിർത്തിയായ  പാരിപ്പള്ളി മുക്കട ജങ്‌ഷനിൽ വരവേൽപ്പ്‌ .  വൈകിട്ട്‌ 4ന്‌ വർക്കല -, 5ന്‌ ചിറയിൻകീഴ്‌ നിയോജകമണ്ഡലത്തിലെ മംഗലപുരം. Read on deshabhimani.com

Related News