കോൺഗ്രസ്‌ - ജമാഅത്തെ ഇസ്ലാമി ‐ ആർഎസ്‌എസ്‌ കൂട്ടുകെട്ട്‌; നേതൃത്വത്തെ കടന്നാക്രമിച്ച്‌ ആര്യാടൻ ഷൗക്കത്ത്‌



മലപ്പുറം > നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസുമായി കൂട്ടുണ്ടാക്കിയ കോൺഗ്രസ്‌ നേതൃത്വത്തെ  നിശിതമായി വിമർശിച്ച്‌ ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നൽകി കബളിപ്പിച്ച നേതൃത്വത്തിന്റെ നടപടിയിലുള്ള അതൃപ്‌തിയും പോസ്‌റ്റിലുണ്ട്‌. നിലമ്പൂർ സീറ്റ്‌ നിഷേധിച്ചതിൽ പാർടിക്കുള്ളിൽ എതിർപ്പുയർത്തിയ ഷൗക്കത്തിന്റെ‌ ആദ്യ പരസ്യപ്രതികരണമാണിത്‌. പിന്നിൽനിന്ന്‌ കഠാരയിറക്കി കീഴ്‌പ്പെടുത്തിയെന്ന വിമർശത്തോടെയാണ്‌ കുറിപ്പ്‌. പിന്നിൽനിന്ന്‌ കുത്തി വീഴ്‌ത്തി കഴിവുകെട്ട നേതാവായി ചിത്രീകരിക്കാൻ ശ്രമിച്ചു. പദവികളുടെ പടിവാതിലടച്ച്‌ പുറത്ത്‌ നിർത്തി. പദവികൾക്ക്‌ വേണ്ടി മതേതരമൂല്യങ്ങൾ പണയംവച്ച്‌ മതാത്മക രാഷ്‌ട്രീയത്തിന്റെ ഉപജാപങ്ങൾക്ക്‌ മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ്‌ പോസ്‌റ്റ്‌ അവസാനിക്കുന്നത്‌. നിലമ്പൂരിൽ സീറ്റ്‌ നിഷേധിച്ചതിൽ ഷൗക്കത്ത്‌ കടുത്ത പ്രതിഷേധത്തിലായിരുന്നു. തുടർന്നാണ്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നൽകി അനുനയിപ്പിച്ചത്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ സ്ഥാനം തെറിച്ചു. വി വി പ്രകാശ്‌ വീണ്ടും പ്രസിഡന്റായി. ഷൗക്കത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത്‌ മലപ്പുറത്ത്‌ വിട്ടുവീഴ്‌ചയ്ക്ക്‌ കെപിസിസി നേതൃത്വം തയ്യാറായെങ്കിലും ലീഗ്‌ എതിർപ്പറിയിച്ചു. ഇതോടെ അനുനയ നീക്കത്തിൽനിന്ന്‌ കെപിസിസി പിന്മാറി. തൊട്ടുപിറകെയാണ്‌ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ എഫ്‌ബി പോസ്‌റ്റ്‌. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുമായും ആർഎസ്‌എസുമായും വി വി പ്രകാശ്‌ വോട്ടുകച്ചവടം നടത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നിലമ്പൂരിൽ ഷൗക്കത്തിന്‌ സീറ്റ്‌ നൽകരുതെന്ന്‌ ലീഗ്‌ ഉറച്ച നിലപാട്‌ സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ അവലോകന യോഗത്തിൽ ഇതെല്ലാം ഷൗക്കത്ത്‌ തുറന്നടിച്ചു. മറുപടിയുമായി ലീഗ്‌ ഭാരവാഹികളും രംഗത്തെത്തി. അതിന്‌ പിറകെയാണ്‌ എഫ്‌ബി പോസ്‌റ്റ്‌. Read on deshabhimani.com

Related News