മലയാളത്തിന്റെ ‘സുകൃതം’ ; ഏഷ്യാനെറ്റ് ന്യൂസിന്‌ കാലംകൊടുത്ത മറുപടി

ചേർത്തലയിലെ സ്വീകരണ കേന്ദ്രത്തിൽ എൻ എസ് ഓമനക്കുട്ടനെയും മകൾ സുകൃതിയെയും 
ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ അനുമോദിക്കുന്നു ഫോട്ടോ: മനു വിശ്വനാഥ്


ഒരു തെറ്റും ചെയ്യാത്ത 
ഓമനക്കുട്ടനെ  ലോകത്തിനുമുന്നിൽ കള്ളനായി ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‌ കാലംകൊടുത്ത മറുപടിയാണ്‌ മെഡിക്കൽ വിദ്യാർഥിനിയായ സുകൃതി ആലപ്പുഴ ഏത്‌ പ്രളയത്തിനും തോൽപ്പിക്കാനാവാത്ത ചില സുകൃതങ്ങളുണ്ട്‌, ഹൃദയത്തിനുമേൽ നന്മയുടെ കൈയൊപ്പിട്ട ഓമനക്കുട്ടനെപ്പോലെ...  2019ലെ പ്രളയകാലത്ത് ഒരു തെറ്റും ചെയ്യാതെ ലോകത്തിന്‌ മുന്നിൽ കള്ളനാക്കി ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്‌ കാലംകൊടുത്ത മറുപടിയാണ്‌ ഓമനക്കുട്ടന്റെ മകൾ സുകൃതി. ചേർത്തല തെക്കു പഞ്ചായത്തിലെ  ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം കുറുപ്പംകുളം ലോക്കൽ കമ്മിറ്റിയംഗമായ ഓമനക്കുട്ടന്റെ നേതൃത്വത്തിൽ പണപ്പിരിവെന്നായിരുന്നു ചാനലിന്റെ ബ്രേക്കിങ്‌ ന്യൂസ്‌.  നിമിഷങ്ങൾക്കകം മറ്റുള്ളവരും ഇതേറ്റു പിടിച്ചു. ക്യാമ്പിലേക്ക്  ഭക്ഷണസാധനങ്ങൾ എത്തിച്ച ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ 70 രൂപ സ്വരൂപിച്ചതാണെന്ന് വ്യക്തമായതോടെ ചിലർ പരസ്യമായി മാപ്പു പറഞ്ഞു തലയൂരി. തെറ്റാണെന്നറിഞ്ഞിട്ടും ഏഷ്യാനെറ്റ്‌ ന്യൂസ്‌ മാത്രം പിന്നെയും വേട്ടയാടി. പക്ഷേ, അച്ഛനെ കള്ളനാക്കിയ മാധ്യമവേട്ടയിൽ പാർടി തുണയായപ്പോൾ മകൾ വാശിയോടെ പഠിച്ചു. നാടിന്റെ അഭിമാനമായി. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ സുകൃതി അച്ഛനും അമ്മ രാജേശ്വരിയ്‌ക്കും പ്ലസ്‌ടുക്കാരിയായ അനുജത്തി ധൃതിനയ്ക്കുമൊപ്പമാണ്‌ ജനകീയ പ്രതിരോധജാഥയുടെ ചേർത്തലയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്‌. ഓമനക്കുട്ടനെയും സുകൃതിയെയും കണ്ടതോടെ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ വേദിയിലേക്ക് വിളിച്ചു ഉപഹാരം നൽകി. കണ്ണുനിറഞ്ഞ ഓമനക്കുട്ടനെ ചേർത്തുനിർത്തി ഷാൾ അണിയിച്ചു. ഇളയ മകളെയും നന്നായി പഠിപ്പിക്കണമെന്ന് പറഞ്ഞു.  തവണക്കടവിലൂടെ ഞായറാഴ്‌ച ആലപ്പുഴയിലേക്ക്‌ പ്രവേശിച്ച ജാഥയ്ക്ക് ആദ്യസ്വീകരണം  തുറവൂരിലായിരുന്നു. തുടർന്ന്‌ ചേർത്തല, നെടുമുടി, ഹരിപ്പാട്‌ എന്നിവിടങ്ങളിലെ പര്യടനശേഷം ആലപ്പുഴ ബീച്ചിൽ സമാപിച്ചു. ജാഥ ഇന്ന്‌ രാവിലെ ഒമ്പതിന്‌ കായംകുളം എൽമെക്സ്‌ മൈതാനം, 11ന്‌ ചാരുംമൂട്‌ ജങ്‌ഷൻ, മൂന്നിന്‌ ചെങ്ങന്നൂർ ബിസിനസ്‌ ഇന്ത്യാ ഗ്രൗണ്ട്‌.  വൈകിട്ട്‌ നാലിന്‌ പത്തനംതിട്ട ജില്ലയിലെ ആദ്യ സ്വീകരണം തിരുവല്ലയിൽ. അഞ്ചിന്‌ 
റാന്നിയിൽ സമാപിക്കും. Read on deshabhimani.com

Related News