മൂന്നാർ കോൺഗ്രസ്‌ ഓഫീസിൽ കൂട്ടത്തല്ല്; അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു



മൂന്നാർ > മൂന്നാർ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് അണികൾക്കിടയിൽ കടുത്ത അമർഷം നിലനിന്നിരുന്നു. ഇത് മറനീക്കിയാണ്‌ വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്‌. ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ സി പി മാത്യു മൂന്നാർ പാർടി ഓഫീസിൽ എത്തുന്നതിന്‌ തൊട്ടുമുമ്പായിരുന്നു സംഭവം. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റിന്റെ അനുയായികളും തമ്മിലാണ് തർക്കം തുടങ്ങിയത്‌. മുൻ കെപിസിസി വൈസ് പ്രസിഡന്റിന്റെ വിശ്വസ്‌ത‌നായ, മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നേതാവിന്റെ സഹോദരൻ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ആളെ ജാതിപ്പേര്‌ വിളിച്ച് ആക്ഷേപിച്ചെന്ന പേരിലാണ് സംഘർഷം ഉടലെടുത്തത്.   തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ പ്രവർത്തിച്ചതായി ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഓഫീസിനുള്ളിൽ തുടങ്ങിയ തർക്കമാണ്‌ പിന്നീട്‌ തെരുവിലേക്ക് എത്തിയത്‌. അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. Read on deshabhimani.com

Related News