അവസാന നിമിഷം പാളി: ഐഎസ്‌ആർഒയുടെ റോക്കറ്റ്‌ പരീക്ഷണ വിക്ഷേപണം പരാജയം



തിരുവനന്തപുരം> ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റ്‌ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം പാളി. ലക്ഷ്യത്തിലെത്തുന്നതിന്‌  തൊട്ടുമുമ്പ്‌ രണ്ട്‌  ഉപഗ്രഹത്തിന്റെയും നിയന്ത്രണം നഷ്ടമായി. ഭൂമിയോട്‌ അടുത്ത ഭ്രമണപഥത്തിൽ ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ വികസിപ്പിച്ച എസ്‌എസ്‌എൽവി റോക്കറ്റ്‌ ദൗത്യമാണ്‌ പരാജയപ്പെട്ടത്‌. വിക്ഷേപണത്തിന്റെ പന്ത്രണ്ടാം  മിനിറ്റിൽ റോക്കറ്റുമായുള്ള ബന്ധം നിലയ്‌ക്കുകയായിരുന്നു. ഭ്രമണപഥത്തിലിറങ്ങിയ ഉപഗ്രഹങ്ങളിൽനിന്ന്‌ സിഗ്‌നലുകളും ലഭിച്ചില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ഞായറാഴ്‌ച രാവിലെ 9.18നായിരുന്നു എസ്‌എസ്‌എൽവി വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌–-02, സ്‌കൂൾ വിദ്യാർഥിനികൾ രൂപകൽപ്പന ചെയ്‌ത ആസാദി സാറ്റ്‌ എന്നിവയുമായാണ്‌ റോക്കറ്റ്‌ കുതിച്ചത്‌. ആദ്യത്തെ പത്ത്‌ മിനിറ്റിൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. റോക്കറ്റിന്റെ മൂന്നു ഘട്ടവും കൃത്യതയോടെ പ്രവർത്തിച്ചു. തുടർന്ന്‌, രണ്ട്‌ ഉപഗ്രഹവും 356 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലിറങ്ങി. ഇതിനിടെ അപ്രതീക്ഷിതമായി ഇവയുമായുള്ള ബന്ധം നിലയ്‌ക്കുകയായിരുന്നു.  ഡാറ്റകൾ പരിശോധിച്ചതോടെയാണ്‌ സാങ്കേതികത്തകരാറും ഉപഗ്രഹങ്ങൾ നഷ്ടമായ വിവരവും അറിഞ്ഞത്‌. ഈ കാര്യം ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ സ്ഥിരീകരിച്ചു. ദിശാനിർണയ സംവിധാനത്തിലെ സെൻസറുകളുടെ തകരാറാണ്‌ അവസാന നിമിഷം പ്രശ്‌നം സൃഷ്ടിച്ചത്‌. വൃത്താകൃതിയിലുള്ള പഥം നിശ്‌ചയിച്ചിരുന്ന ഉപഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലൂടെ നിയന്ത്രണം വിട്ട്‌ പായുകയാണിപ്പോൾ. ദിവസങ്ങൾക്കുശേഷം ഇവ അന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ കത്തിയമരുമെന്നാണ്‌ നിഗമനം.     Read on deshabhimani.com

Related News