ഐഎസ്‌ആർഒയുടെ ബേബി റോക്കറ്റ്‌ 7ന്‌ കുതിക്കും



തിരുവനന്തപുരം > ഐഎസ്‌ആർഒയുടെ ‘ന്യൂജൻ റോക്കറ്റ്‌’ വിക്ഷേപണത്തിന്‌ തയ്യാറായി. ബേബിറോക്കറ്റ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന സ്‌മോൾ സാറ്റ്‌ലെറ്റ്‌ ലോഞ്ച്‌ വെഹിക്കിളി(എസ്‌എസ്‌എൽവി) ന്റെ ആദ്യ പരീക്ഷണ പറക്കൽ ഏഴിന്‌ നടക്കും. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽ നിന്നാണ്‌ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌ –-02നെ റോക്കറ്റ്‌ ലക്ഷ്യത്തിലെത്തിക്കും. എട്ട്‌ കിലോ ഭാരമുള്ള ആസാദി സാറ്റ്‌ എന്ന ഉപഗ്രഹവും ഒപ്പമുണ്ട്‌. രാജ്യത്തെ 75 സ്‌കൂളിൽനിന്ന്‌ തെരഞ്ഞെടുത്ത 750 വിദ്യാർഥിനികൾ ചേർന്ന്‌ രൂപകൽപ്പനചെയ്‌തതാണ്‌ ആസാദി സാറ്റ്‌. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായാണിത്‌. കുഞ്ഞൻ ഉപഗ്രഹങ്ങളെ വഹിക്കുന്ന പുതുതലമുറ വിക്ഷേപണ വാഹനമാണ്‌ എസ്‌എസ്‌എൽവി. തിരുവനന്തപുരം വിഎസ്‌എസ്‌സിയാണ്‌ രൂപകൽപ്പന ചെയ്‌തത്‌. അഞ്ഞൂറു കിലോവരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കും. ഒന്നിലധികം മിനി സാറ്റ്‌ലൈറ്റുകളെയും വഹിക്കും. മൂന്ന്‌ ഖരഇന്ധന ഘട്ടമാണുള്ളത്‌. അവസാനഘട്ടത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എൻജിനുമുണ്ട്‌. 34 മീറ്റർ ഉയരവും 120 ടൺ ഭാരവും. Read on deshabhimani.com

Related News