ഐഎസ്‌ആർഒ ചാരക്കേസ് : വിദേശ ശക്തികളുടെ പങ്കിന്‌ തെളിവില്ലെന്ന് ഹൈക്കോടതി ; സിബിഐയുടെ 
വാദങ്ങൾ തള്ളി



കൊച്ചി ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമയ്ക്കുന്നതിൽ വിദേശ ശക്തികൾക്ക്‌ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ഹൈക്കോടതി. ഇന്ത്യയുടെ നിർണായക ബഹിരാകാശ പദ്ധതിയായ ക്രയോജനിക് പ്രോജക്ട് തടസ്സപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ ഹൈക്കോടതി, ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ ആറ്‌ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, ഏഴാംപ്രതി  മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, 11–-ാംപ്രതി  മുൻ ഇന്റലിജൻസ് ഓഫീസർ പി എസ് ജയപ്രകാശ്, 17–-ാംപ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ വി കെ മൈനി എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു.  ജസ്റ്റിസ് കെ ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്. പ്രതികൾ ചോദ്യംചെയ്യലിന് 27ന്‌ രാവിലെ 10നും 11നും ഇടയിൽ ഹാജരാകണം. അറസ്റ്റ് ചെയ്‌താൽ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണം. തുടർന്ന് രണ്ടാഴ്‌ച തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ചോദ്യംചെയ്യലിന് ഹാജരാകണം. ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു. സിബിഐയുടെ 
വാദങ്ങൾ തള്ളി ചാരക്കേസ് കെട്ടിച്ചമയ്ക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിൽ രാജ്യാന്തര ബന്ധങ്ങളുണ്ടെന്നുമുള്ള, സിബിഐക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ വാദങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും വിശദമായി പരിശോധിച്ചിട്ടും ഇതിന്‌ തെളിവുകൾ കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും പ്രതികളെ ചോദ്യംചെയ്തശേഷമേ നിർണായക തെളിവുകൾ ശേഖരിക്കാനാകൂ എന്നും സിബിഐ വാദിച്ചിരുന്നു.  പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതികൾ വ്യക്തമാക്കിയിരുന്നു. ഇവർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുമെന്നതിന് സൂചനകളില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത്‌ നമ്പി നാരായണൻ വാദമുന്നയിച്ചിരുന്നു. നമ്പി നാരായണന്‌ കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നുവെന്നത് സത്യമാണ്. അതുകൊണ്ട്‌ ഈ പ്രതികളും അതേ അവസ്ഥയിലൂടെയും അപഖ്യാതിയിലൂടെയും കടന്നുപോകണോയെന്ന്‌ കോടതി ചോദിച്ചു. ഈ കേസിൽ പ്രതികൾക്കെതിരെ കുറ്റാരോപണം പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക്‌ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിൽ പ്രതികൾക്ക് മനസ്സറിവുണ്ടോയെന്നതും സംശയമാണ്. തെളിവ്‌ നശിപ്പിക്കുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. മുൻകൂർ ജാമ്യം നൽകുന്നത് നീതിയുക്തമായ അന്വേഷണത്തിന് തടസ്സമാകുമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിലയിരുത്തി. Read on deshabhimani.com

Related News