രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് കേരളം നല്‍കും - മുഖ്യമന്ത്രി



  തിരുവനന്തപുരം/ ഹൈദരാബാദ്‌ കേരളത്തിന്റെ ഏറ്റവും അനുകൂല വ്യാവസായിക അന്തരീക്ഷത്തിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി തെലങ്കാനയിലെ വ്യവസായികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ ‌. ഡോ. റെഢിസ്‌ ലാബ്‌ അടക്കമുള്ളവർ നിഷേപ സന്നദ്ധത അറിയിച്ചു. ഇപ്പോൾ ചെറിയ നിക്ഷേപമുള്ളവർ വിപുലീകരണത്തിനും താൽപ്പര്യവും അറിയിച്ചു. സംഗമത്തിൽ 60ലധികം നിക്ഷേപകർ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച സാമൂഹ്യ അന്തരീക്ഷവും സൗകര്യവും കേരളത്തിൽ ഉറപ്പ്‌ നൽകാൻ കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാവസായിക വളർച്ച, സുസ്ഥിര ഭരണം തുടങ്ങി പല മേഖലകളിലും കേരളമാണ്‌ മുന്നിൽ. പ്രകൃതിവിഭവംകൊണ്ടും അഭ്യസ്തവിദ്യരായ യുവസമൂഹത്താലും സമൃദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ ജോൺ ബ്രിട്ടാസ്‌, അല്ലാ അയോധ്യ രാമി റെഡ്ഡി എന്നിവരും നിക്ഷേപകരോട്‌ സംസാരിച്ചു. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ ഹൈദരാബാദിലെ ഹോട്ടൽ പാർക്ക്‌ ഹയാത്തിലായിരുന്നു സംഗമം. തെലങ്കാനയിലെ പ്രമുഖ വ്യവസായികളും കമ്പനി പ്രതിനിധികളും ഐടി, വിനോദ സഞ്ചാരം, ബയോടെക്‌, ഇലക്‌ട്രിക്‌–- ഇലക്‌ട്രോണിക്‌ മേഖലകളിൽനിന്നുള്ളവരും ‘നിക്ഷേപക റോഡ്‌ഷോ’യിൽ പങ്കെടുത്തു. സിഐഐ, ക്രെഡായ്‌, ഫാർമ– -ഐടി വ്യവസായമേഖലയിലെ പ്രതിനിധികളും സംഗമത്തിനെത്തി. ഭൂമിയുടെ ലഭ്യത, തൊഴിൽപ്രശ്നം തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങളും നിവാരണം ചെയ്തു. ഏറ്റവും നല്ല തൊഴിൽ അന്തരീക്ഷമാണ്‌ സംസ്ഥാനത്തുള്ളതെന്നും ലൈഫ്‌ സയൻസ്‌ പാർക്കിൽ ഭൂമിക്ക്‌ പകുതി വിലയാണ്‌ ഈടാക്കുന്നതെന്നും വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ പറഞ്ഞു. വ്യവസായം തുടങ്ങൽ എളുപ്പത്തിലാക്കിയ നിയമ പരിഷ്കാരങ്ങൾ,  സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം, മികച്ച ഗതാഗത സൗകര്യം തുടങ്ങിയവയും വിശദമാക്കി. ചീഫ്‌ സെക്രട്ടറി വി പി ജോയി, വിനോദ സഞ്ചാരവകുപ്പ്‌ ഡയറക്ടർ കൃഷ്ണ തേജ, എൻഎസ്‌കെ ഉമേഷ്‌ തുടങ്ങിയവരും പങ്കെടുത്തു.   Read on deshabhimani.com

Related News