തൊഴില്‍ സംരക്ഷണത്തില്‍ കേരളം മുന്നില്‍; അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവിന് ഇന്ന് സമാപനമാകും



തിരുവനന്തപുരം> തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മികച്ച തൊഴില്‍   സാഹചര്യം ഒരുക്കുന്നതിലും കേരളം മുന്നിലെന്ന്  അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ്. ലോകവ്യാപകമായി എല്ലാ തൊഴില്‍മേഖലയും   വെല്ലുവിളികള്‍ നേരിടുകയാണെന്നും തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന നിയമനിര്‍മാണങ്ങളിലൂടെയും നയങ്ങളിലൂടെയും കേരളം ഏറെ മുന്നിലാണെന്നും വിവിധ സെഷനില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേരളത്തിലെ അവസ്ഥയുമായി താരതമ്യം ചെയ്യപ്പെട്ടു. രാജ്യത്തെ തൊഴിലാളികളില്‍ ഭൂരിപക്ഷവും അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നാല്‍, കേരളത്തില്‍ ഇത് വ്യത്യസ്തമാണ്. ലേബര്‍ കോണ്‍ക്ലേവില്‍  ഉയര്‍ന്നുവന്ന വിലപ്പെട്ട ആശയങ്ങള്‍ ക്രോഡീകരിച്ച് കര്‍മപദ്ധതി നടപ്പാക്കി കൂട്ടായ ശ്രമങ്ങളിലൂടെ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഒരു ത്രികക്ഷി ചര്‍ച്ച നടക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും തൊഴിലാളിക്ഷേമ പ്രവര്‍ത്തനരംഗത്ത് പുത്തന്‍ നയരൂപീകരണത്തിന് ഇതില്‍നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ഏറെ പ്രയോജനകരമാകുമെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. കോണ്‍ക്ലേവിന്റെ രണ്ടാം ദിവസ സെഷനുകളാണ് നടന്നത്.  തൊഴിലാളികളുടെ അവകാശങ്ങളും നിയമനിര്‍മാണവും സാമൂഹ്യസുരക്ഷയും, അനൗപചാരിക തൊഴില്‍ രീതികളില്‍നിന്ന് ഔപചാരിക തൊഴില്‍ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ഗാര്‍ഹിക തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്സ്, കെയര്‍ വര്‍ക്കേഴ്സ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും,  ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം, ലേബര്‍ സ്ഥിതിവിവരങ്ങള്‍ എന്നീ വിഷയങ്ങളാണ് വിവിധ സെഷനിലായി ചര്‍ച്ച ചെയ്തത്. വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, സിഐടിയു ദേശീയ പ്രസിഡന്റ് കെ ഹേമലത,  ഇഷിത മുഖോപാധ്യായ, ആസൂത്രണ ബോര്‍ഡ് അം?ഗങ്ങളായ വി നമശിവായം, ആര്‍ രാംകുമാര്‍ എന്നിവര്‍ വിവിധ സെഷനില്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച നടക്കുന്ന  അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രതിനിധി സമ്മേളനത്തോടെ ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവിന് സമാപനമാകും.   Read on deshabhimani.com

Related News