ഇന്നസെന്റിനെ വിമോചന സമരത്തിൽ പങ്കെടുപ്പിച്ച് മനോരമ



കൊച്ചി> ഇന്നസെന്റിന്റെ ചരമ വാർത്തകളിലും കമ്മ്യൂണിസ്‌റ്റ്‌‌‌ വിരോധം വിടാതെ മനോരമ. സ്‌കൂൾ പഠനകാലത്ത് കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ ഇന്നസെന്റ് പങ്കെടുത്തെന്നാണ് മനോരമയുടെ പുതിയ നുണ. "കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ പങ്കെടുത്തിട്ടുണ്ട് ഇന്നസന്റ്. രാഷ്‌ട്രീയമായിരുന്നില്ല ചേതോവികാരം. പഠിക്കാൻ മടിയായതിനാൽ എങ്ങനെയും സ്‌കൂൾ പൂട്ടിക്കണം. അതു മാത്രമായിരുന്നു ലക്ഷ്യം"- ചിരിയുടെ 916 തൃശൂർ ബ്രാൻഡ്; ഉരയ്‌ക്കുന്തോറും തിളങ്ങിയ പത്തരമാറ്റ് തമാശ എന്ന മനോരമ വാർത്തയിലെ വരികളാണിവ. 1948-ലാണ് ഇന്നസെന്റിന്റെ ജനനം. വിമോചന സമരം നടക്കുന്നത് 1958ലും. സമരക്കാലത്ത് അദ്ദേഹത്തിന് വെറും പത്ത് വയസ്സ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന അദ്ദേഹത്തെയാണ് മനോരമ വിമോചന സമര പോരാളിയാക്കാൻ ശ്രമിച്ചത്. ഇന്നസെന്റിന്റെ ജീവിത കഥ പറയുന്ന വാർത്തയാണെങ്കിലും വിമോചന സമരത്തിൽ പങ്കെടുത്തെന്ന ഭാ​ഗം നൽകിയാണ് മനോരമ വാർത്ത ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്‌തത്. വിമർശനം ഉയർന്നതോടെ ഫെയ്‌സ്‌ബുക്കിൽ എഡിറ്റ് ചെയ്‌തെങ്കിലും വാർത്തയിൽ നിന്ന് ഈ ഭാ​ഗം മാറ്റിയിട്ടില്ല.     ഞാൻ ഇന്നസെന്റ് എന്ന് ആത്മകഥാക്കുറിപ്പുകളിൽ വിമോനച സമരത്തെ കുറിച്ച് ഇന്നസെന്റ് പറയുന്നത് ഇങ്ങനെയാണ്... "രഥം അടുത്തു വന്നപ്പോള്‍ അമ്മാമ രഥത്തിലിരിക്കുന്ന ആളെ നോക്കി കുരിശു വരച്ചു. എന്നോടും വരയ്ക്കാന്‍ പറഞ്ഞു. ഞാനും വരച്ചു. കമ്മ്യൂണിസ്റ്റ് മിനിസ്ട്രിയെ മറിച്ചിടാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി അച്ചന്മാര്‍ രഥ്തില്‍ കൊണ്ടുവന്നത് കര്‍ദിനാളെ അല്ല മന്നത്തു പത്മനാഭനെയായിരുന്നു. അപ്പന് ആ പേരു കേട്ടാല്‍ കലിവരും. കലിവരാതിരിക്കോ? അപ്പന്റെ ജീവനാഡിയായ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അല്ലേ അങ്ങോരും കൂട്ടരും കൂടീട്ട് തള്ളിയടാന്‍ നോക്കണെ. അവരൊക്കെ വിചാരിച്ച കൂട്ട് ആ മിനിസ്ട്രി അങ്ങനതന്നെ ഇടിഞ്ഞു പൊളിഞ്ഞങ്ങട്ടു വീണു. മന്നത്തു പത്മനാഭനു കുരിശു വരച്ചു എന്നുള്ളതാ വിമോചന സമരത്തിലുള്ള എന്റെ പങ്കാളിത്തം". ഈ ഇന്നസെന്റിനെയാണ് മനോരമ വിമോചന സമരത്തിൽ പങ്കെടുപ്പിക്കുന്നത്. Read on deshabhimani.com

Related News