രണ്ട്‌ വർഷമായി ലോക്കോ പൈലറ്റ്‌ നിയമനമില്ല; ട്രെയിനുകൾ റദ്ദാക്കിയത്‌ ഓടിക്കാൻ ആളില്ലാത്തതിനാൽ



കണ്ണൂർ > പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 12 ട്രെയിൻ രണ്ടുദിവസം റദ്ദാക്കേണ്ടിവന്നത്‌ റെയിൽവേയിലെ നിയമനനിരോധനം. കോവിഡ്‌ മറയാക്കി ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റ്‌ നിയമനങ്ങൾ അധികൃതർ നിർത്തിവച്ചിരിക്കുകയാണ്‌. പാലക്കാട്‌ ഡിവിഷനിൽമാത്രം 50 ഒഴിവുണ്ട്‌. പാലക്കാട്‌(40), ഷൊർണൂർ( 64), കോഴിക്കോട്‌(54) എന്നിവിടങ്ങളിലായി 158 ലോക്കോ പൈലറ്റ്‌ തസ്‌തികകളാണു ള്ളത്‌. നിലവിൽ 108 പേരേയുള്ളൂ. ഇതിൽ 30 ശതമാനംപേർ അവധിയിലും വിശ്രമത്തിലും 10 ശതമാനം പരിശീലനത്തിലുമായിരിക്കും. കഷ്ടിച്ച്‌ 65 പേരാണ്‌ ദൈനംദിന ഡ്യൂട്ടിക്കുണ്ടാവുക. കോവിഡ്‌ കാരണം 31 പേർ അവധിയെടുത്തതാണ്‌ സർവീസുകൾ നിർത്തിവയ്‌ക്കേണ്ട ഗുരുതര സാഹചര്യമുണ്ടാക്കിയത്‌. തിരുവനന്തപുരം ഡിവിഷനിലും സമാന സാഹചര്യമാണ്‌. അടച്ചുപൂട്ടലിൽ യാത്രാ ട്രെയിനുകൾ റദ്ദാക്കിയതിന്റെ പേരിൽ രണ്ടുവർഷമായി പാസഞ്ചർ ലോക്കോപൈലറ്റുമാരുടെ ഒഴിവ്‌ നികത്തുന്നില്ല. ഇക്കാലയളവിൽ ചരക്കുവണ്ടികൾ 50 ശതമാനത്തോളം വർധിച്ചു. എന്നാൽ ഇതിന്‌ ആനുപാതികമായി ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം കൂട്ടിയില്ല. കോവിഡ് നിയന്ത്രണം നീക്കിയശേഷം ചരക്ക്‌ ട്രെയിനിലെ ലോക്കോപൈലറ്റുമാരെയാണ്‌ പാസഞ്ചർ ട്രെയിനുകളിൽ നിയോഗിച്ചത്‌. ഇത്‌ ജോലിഭാരം കൂട്ടി. അവധിയും ആവശ്യത്തിന്‌ വിശ്രമവും ലഭിക്കുന്നില്ലെന്ന്‌ പരാതി ശക്തമാണ്‌. പാസഞ്ചർ ട്രെയിൻ റദ്ദാക്കി ചരക്കുവണ്ടികൾ നിർബാധം ഓടിക്കുന്നതിലും റെയിൽവേക്കെതിരെ കടുത്ത വിമർശമുണ്ട്‌. ഇളവുകൾ വന്നിട്ടും ഏറെ നാളത്തെ മുറവിളിക്കുശേഷമാണ്‌ അൺ റിസർവ്‌ഡ്‌ ട്രെയിനുകൾ അനുവദിച്ചത്‌. സ്‌പെഷ്യൽ ട്രെയിനുകൾ പേരുമാറ്റിയെങ്കിലും ഭൂരിഭാഗവും റിസർവേഷൻ ടിക്കറ്റ്‌ മാത്രം നൽകിയാണ്‌ സർവീസ്‌ നടത്തുന്നത്‌. സീസൺ ടിക്കറ്റുകാർക്കുള്ള ജനറൽ കോച്ചുകളും ചുരുക്കം ട്രെയിനിൽമാത്രമാണുള്ളത്‌. Read on deshabhimani.com

Related News